കൂടുതല്‍ മദ്യ ഉല്‍പാദന കേന്ദ്രങ്ങള്‍; കേരളത്തിൽ മദ്യമൊഴുകും

Representational image

തിരുവനന്തപുരം ∙ സംസ്ഥാനത്തു കൂടുതല്‍ മദ്യ ഉല്‍പാദന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. വടക്കന്‍ കേരളത്തില്‍ രണ്ടു പുതിയ മദ്യ ഉല്‍പാദന കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള അപേക്ഷ സര്‍ക്കാരിന്റെ പരിഗണനയിലാണ്. എക്സൈസ് വകുപ്പ് ഇതിന് അനുകൂല നിലപാടാണു സ്വീകരിച്ചിരിക്കുന്നത്. നയപരമായ കാര്യമായതിനാല്‍ എല്‍ഡിഎഫ് നേതൃത്വം ചര്‍ച്ച ചെയ്തശേഷമായിരിക്കും അന്തിമ തീരുമാനം.

പ്രതിമാസം അഞ്ചു ലക്ഷം കേയ്‌സ് ബീയര്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള ബ്രൂവറി കണ്ണൂര്‍ ജില്ലയിലെ വാരത്ത് സ്ഥാപിക്കാന്‍ ശ്രീധരന്‍ ബ്രൂവറി പ്രൈവറ്റ് ലിമിറ്റഡിന് ഈ മാസം 12 നു സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. കേരളത്തില്‍ വില്‍ക്കുന്ന ബീയറിന്റെ 40 ശതമാനവും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതിനാലാണു കണ്ണൂരില്‍ ബ്രൂവറി തുടങ്ങുന്നതെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്.

പുതുതായി രണ്ടു മദ്യ ഉല്‍പാദനശാലകള്‍ തുറക്കാനുള്ള അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും വിഷയം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും എക്സൈസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ മനോരമ ഓണ്‍ലൈനോടു പറഞ്ഞു.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് ബീയര്‍ പാര്‍ലറുകളായി മാറിയ 282 സ്ഥാപനങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി ബാര്‍ ലൈസന്‍സ് നല്‍കിയിരുന്നു. മദ്യവില്‍പനയിലൂടെ ഓരോ വര്‍ഷവും സര്‍ക്കാരിന്റെ വരുമാനവും വര്‍ധിക്കുകയാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. 2014 - 15 വര്‍ഷം 8,277 കോടി രൂപയായിരുന്നു വരുമാനമെങ്കില്‍ 2017 - 18 വര്‍ഷത്തെ വരുമാനം 11,024 കോടി രൂപയാണ്.

മദ്യ ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍, ലഹരി വർജനത്തിനുള്ള വിമുക്തി പദ്ധതിക്കായി അഞ്ചു കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം അനുവദിച്ചത്. വില്‍ക്കുന്നവര്‍ തന്നെ മദ്യവര്‍ജന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലെ പോരായ്മ ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ചൂണ്ടിക്കാട്ടിയെങ്കിലും സര്‍ക്കാര്‍ തീരുമാനം മാറ്റിയിട്ടില്ല. വിമുക്തിയുടെ ഭാഗമായി എക്സൈസ് വകുപ്പിനു കീഴില്‍ ബെംഗളൂരുവിലെ നിംഹാന്‍സ് മാതൃകയില്‍ ഡീ അഡിക്‌ഷന്‍ സെന്‍റര്‍ തുടങ്ങാന്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ 40 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനാണു സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.