അതൃപ്തിയോടെ ആർഎസ്എസ്; തിരഞ്ഞെടുപ്പു പ്രചാരണം സ്വന്തം നിലയ്ക്ക്

തിരുവനന്തപുരം ∙ കുമ്മനം രാജശേഖരൻ നേതൃപദവിയില്‍നിന്നു മാറിയതു മുതലുള്ള പ്രശ്നങ്ങള്‍ സംസ്ഥാന ബിജെപിയിലെ സ്ഥിതി രൂക്ഷമാക്കിയതായി ആര്‍എസ്എസ് വിലയിരുത്തല്‍. ബിജെപി സംസ്ഥാന നേതൃത്വവുമായുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍, 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുമായി സ്വന്തം നിലയ്ക്കു മുന്നോട്ടുപോകാനും ആര്‍എസ്എസ് തീരുമാനിച്ചു. സംസ്ഥാന ബിജെപിയുടെ നിലവിലെ അവസ്ഥയുടെ പൂര്‍ണ ചിത്രം ജൂലൈ മൂന്നിനു തിരുവനന്തപുരത്തെത്തുന്ന ദേശീയ അധ്യക്ഷൻ അമിത് ഷായെ അറിയിക്കാനാണ് ആര്‍എസ്എസ് തീരുമാനം. 

ഇന്ന് അടൂരിൽ തുടങ്ങുന്ന ആർഎസ്എസ് പ്രാന്തീയ കാര്യകാരി ബൈഠക്കിൽ ഇക്കാര്യവും ചർച്ചയ്ക്കു വരാൻ സാധ്യതയുണ്ട്. 

നയിക്കാനാളില്ലാതെ ഒരു മാസം പിന്നിട്ടപ്പോഴും, അധികാരത്തര്‍ക്കം പാർട്ടിയുടെ നില കൂടുതല്‍ പരുങ്ങലിലാക്കിയതായി ഇതിനോടകം സംസ്ഥാനത്തിന്റെ ചുമതലയുള്ള സെക്രട്ടറി മുരളീധര റാവുവിനെ സംഘ നേതൃത്വം അറിയിച്ചു കഴിഞ്ഞു. പാര്‍ട്ടി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വയ്ക്കുന്ന തിരുവനന്തപുരം അടക്കമുള്ള ലോക്സഭാ മണ്ഡലങ്ങളില്‍ സ്വന്തം നിലയ്ക്കു തന്നെ ആര്‍എസ്എസ് പ്രചാരണം തുടങ്ങിയിരുന്നു. ഇതിനായി പല ജില്ലകളിലേയും മുഴുവന്‍ സമയ പ്രചാരകരെ മാറ്റുകയും ചെയ്തിരുന്നു.

കുമ്മനം രാജശേഖരനെ മാറ്റിയ ഒഴിവിലേക്ക് പുതിയ പ്രസിഡന്റായി സ്വന്തം ആളിനെ നിയമിക്കാന്‍ ബിജെപിയിലെ ഇരു വിഭാഗവും ശ്രമിച്ചതാണ് സ്ഥിതി വഷളാക്കിയത്. പ്രശ്നം തീര്‍ക്കാനെത്തിയ ദേശീയ നേതാക്കള്‍ പക്ഷം പിടിച്ചതും കാര്യങ്ങള്‍ കൈവിട്ടുപോകുന്നതിനു കാരണമായി. മൂന്നിനു സംസ്ഥാനത്തെത്തുന്ന അമിത് ഷാ, കേരള നേതാക്കൾക്കു പുറമേ ലക്ഷ ദ്വീപിലെ പാര്‍ട്ടി നേതൃത്വവുമായും കൂടിക്കാഴ്ച നടത്തും. 

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ എങ്ങനെ വേണമെന്ന് അമിത് ഷാ കഴിഞ്ഞ തവണ കേരളത്തിലെത്തിയപ്പോൾ സംസ്ഥാന നേതൃത്വത്തോടു നിർദേശിച്ചിരുന്നു. ഇതിന്റെ വിലയിരുത്തലും സന്ദർശനത്തിലുണ്ടാവും.