സുഷമയ്ക്കെതിരായ ട്രോളുകളെ അപലപിച്ച് രാജ്നാഥ് സിങ്; മൗനം വെടിഞ്ഞ് ബിജെപി

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്

ന്യൂഡല്‍ഹി ∙ മിശ്രവിവാഹിത ദമ്പതികൾക്ക് പാസ്പോർട്ട് അനുവദിക്കാൻ ഇടപെട്ടതിനെ തുടര്‍ന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടന്ന വിദ്വേഷപ്രചാരണം കടുത്ത തെറ്റാണെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഇതാദ്യമായാണ് ഒരു ബിജെപി നേതാവ് സംഭവത്തിൽ പ്രതികരിക്കുന്നത്. വിദ്വേഷ പ്രചാരണത്തിനെതിരെ സുഷമ സ്വരാജ് ശക്തമായി രംഗത്തെത്തിയിരുന്നെങ്കിലും ബിജെപി നേതൃത്വത്തിന്‍റെ മൗനം വിവാദമായിരുന്നു. 

ലക്‌നൗവിലെ പാസ്പോർട്ട് സേവാ കേന്ദ്രത്തിലെത്തിയ മിശ്രവിവാഹിത ദമ്പതികളോട് മതം മാറാൻ ആവശ്യപ്പെടുകയും പാസ്പോർട്ട് പുതുക്കി നൽകാതിരിക്കുകയും ചെയ്ത സംഭവത്തിൽ സേവാ കേന്ദ്രം ഉദ്യോഗസ്ഥൻ വികാസ് മിശ്രയെ സ്ഥലം മാറ്റിയിരുന്നു. തങ്ങൾക്കു നേരിട്ട ദുരനുഭവത്തെപ്പറ്റി ട്വിറ്ററിൽ സുഷമ സ്വരാജിനു ദമ്പതികൾ പരാതി നൽകിയതോടെ സംഭവം വിവാദമായി. തുടർന്നാണ് ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടായത്. ഈ സംഭവമാണു സുഷമ വിരുദ്ധ ട്രോളുകൾക്ക് ഇടയാക്കിയത്.

ഇത്തരം ട്രോളുകളോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യമുയർത്തി മന്ത്രി നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ 43% പേർ ട്രോളുകളെ പിന്തുണച്ച് വോട്ട് രേഖപ്പെടുത്തി. ഇത്തരത്തിലുള്ള വിദ്വേഷപ്രചരണത്തോട് യോജിക്കാനാവില്ലെന്നായിരുന്നു 57% പേരുടെ അഭിപ്രായം. ബിജെപി അനുഭാവികളിൽനിന്നടക്കം വർഗീയവും സ്ത്രീവിരുദ്ധവുമായ പരാമർശങ്ങളാണ് സുഷമയ്ക്കെതിരെ ഉണ്ടായത്.