കരിയില്ല പുകയുമില്ല: കെഎസ്ആർടിസി വൈദ്യുതി ബസ് തൃശൂരിലെത്തി മടങ്ങി

തൃശൂർ കെഎസ്ആർടിസി ഡിപ്പോയില്‍ എത്തിയ വൈദ്യുതി ബസിനെ മന്ത്രി വി.എസ്.സുനിൽകുമാർ സ്വീകരിക്കുന്നു. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ

തൃശൂർ ∙ കരിയും പുകയുമില്ലാതെ പ്രകൃതിക്കും മനുഷ്യനും കുളിരുമായി പായുന്ന കെഎസ്ആർടിസിയുടെ ‘വൈദ്യുതി ബസ്’ തൃശൂരിലുമെത്തി. നാലു മണിക്കൂർ ചാർജ് ചെയ്താൽ 40 യാത്രക്കാരുമായി 250 കിലോമീറ്റർ വരെ ഓടുന്ന ഇലക്ട്രിക് ബസ് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് എറണാകുളത്തു നിന്ന് തൃശൂരിലെത്തിയത്.

കെഎസ്ആർടിസി ഡിപ്പോയില്‍ എത്തിയ വൈദ്യുതി ബസിനെ മന്ത്രി വി.എസ്.സുനിൽകുമാറും തൃശൂർ സോണൽ ഓഫിസർ സിബിയും ചേർന്നു സ്വീകരിച്ചു. തുടർന്നു നഗരത്തില്‍ സവാരി നടത്തിയ ശേഷം നാലു മണിയോടെ തിരികെ എറണാകുളത്തേക്കു പോയി. ഒരു കിലോമീറ്ററിന് ഒരു യൂണിറ്റ് വൈദ്യുതി വേണം. ഓട്ടമാറ്റിക് ഗിയർ സംവിധാനമാണു ബസിനുള്ളത്. ബസിനു വൈദ്യുതി ചാർജ് ചെയ്യാനുള്ള താൽക്കാലിക സംവിധാനം അതതു ഡിപ്പോകളിൽ ഒരുക്കാനാണു തീരുമാനം. 

ലോഫ്ലോർ ബസുകളുടെ അതേ നിരക്കായിരിക്കും എയർകണ്ടിഷൻ സൗകര്യമുള്ള ഇലക്ട്രിക് ബസിനും. ഇന്ധനം ഉപയോഗിക്കാത്ത ഇൗ പരിസ്ഥിതിസൗഹൃദ ബസിനു ഡീസൽ ബസുകളെക്കാൾ ശബ്ദവും കുറവാണ്. ബിവൈഡി എന്ന ചൈനീസ് കമ്പനി നിർമിക്കുന്ന ബസ്, ഹൈദരാബാദ് ആസ്ഥാനമായ ഗോൾഡ് സ്റ്റോൺ ഇൻഫ്രാടെക് ആണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തു വിറ്റഴിക്കുന്നത്. 

വൈദ്യുതി ബസിന്റെ പ്രത്യേകതകൾ: 

ഇലക്ട്രിക് ബസ് തൃശൂരെത്തിയപ്പോൾ. ചിത്രം: ഉണ്ണി കോട്ടയ്ക്കല്‍

∙ നാലു മണിക്കൂർ ചാർജിങ്ങിൽ 250 കിലോമീറ്റർ
∙ മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗം
∙ സുഖകരമായ യാത്രയ്ക്ക് മുന്നിലും പിന്നിലും എയർ സസ്പെൻഷൻ
∙ പുകയില്ല, കുറഞ്ഞ ശബ്ദം
∙ പുഷ്ബാക് സീറ്റും നാവിഗേഷനും സിസിടിവി ക്യാമറയും