കര്‍ണാടകത്തില്‍ പെട്രോള്‍, ഡീസല്‍ നികുതി കൂട്ടി; രാഹുലിന്റെ ഫ്യുവല്‍ ചലഞ്ചിനെ പരിഹസിച്ചു ബിജെപി

കഠ്‌വ, ഉന്നാവ് എന്നിവിടങ്ങളിൽ മാനഭംഗത്തിന് ഇരകളായ പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന റാലിക്കിടെ രാഹുൽ ഗാന്ധി. (ട്വിറ്റർ ചിത്രം)

ന്യൂഡല്‍ഹി∙ കര്‍ണാടകത്തില്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി കന്നിബജറ്റില്‍ പെട്രോള്‍, ഡീസല്‍ നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ പടയൊരുക്കവുമായി ബിജെപി. ഫിറ്റ്‌നസ് ചലഞ്ചിനെ പരിസഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രാഹുല്‍ ഉന്നയിച്ച 'ഫ്യുവല്‍ ചലഞ്ച്' ഏറ്റെടുക്കാന്‍ സ്വന്തം സര്‍ക്കാര്‍ പോലും തയാറാകുന്നില്ലെന്ന് ബിജെപി പ്രതികരിച്ചു. കൃത്യമായ അറിവില്ലാത്ത വിഷയങ്ങളില്‍ ഇടപെട്ടാല്‍ ഇതായിരിക്കും സംഭവിക്കുകയെന്നും ബിജെപി വ്യക്തമാക്കി.

കര്‍ണാടകത്തില്‍ പെട്രോള്‍ വില്‍പന നികുതി 30 ശതമാനത്തില്‍ നിന്നു 32 ആയും ഡീസല്‍ വില്‍പനനികുതി 19ല്‍ നിന്നു 21 ശതമാനമായുമാണു വര്‍ധിപ്പിച്ചത്. ഇതോടെ പെട്രോളിനു 1.14 രൂപയും ഡീസലിനു 1.12 രൂപയും വിലവര്‍ധിച്ചു. പെട്രോള്‍, ഡീസല്‍ വിലവര്‍ധനയ്‌ക്കെതിരേ മോദി സര്‍ക്കാരിനെ കോണ്‍ഗ്രസ് കടന്നാക്രമിക്കുന്നതിനിടെയാണ് കര്‍ണാടകത്തില്‍ കോണ്‍ഗ്രസിനു കൂടി പങ്കാളിത്തമുള്ള മന്ത്രിസഭ ബജറ്റില്‍ ഇന്ധന നികുതി വര്‍ധിപ്പിച്ചത്. കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കുകയോ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുകയോ വേണമെന്നാണ് കോണ്‍ഗ്രസ് നിരന്തരം ആവശ്യപ്പെടുന്നത്. മേയ് 30-ന് ഇന്ധനവില ഒരു പൈസ കുറഞ്ഞപ്പോഴും പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുത്തതിനെ തുടര്‍ന്നാണ് രാഹുല്‍ ഫ്യുവല്‍ ചലഞ്ചുമായി രംഗത്തെത്തിയത്.

കർണാടകയിലെ ഓരോ കുടുംബത്തിലെയും രണ്ടു ലക്ഷം രൂപ വരെയുള്ള കാർഷിക വായ്പ എഴുതിത്തള്ളും. 34,000 കോടി രൂപയുടെ കാർഷിക കടാശ്വാസമാണ് ജനതാദൾ എസ്- കോൺഗ്രസ് സഖ്യസർക്കാരിന്റെ കന്നി ബജറ്റിൽ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി പ്രഖ്യാപിച്ചത്. 2017 ഡിസംബർ 31 വരെയുള്ള മുടങ്ങിയ വായ്പകൾക്കാണു ബാധകം. 40 ലക്ഷത്തോളം കർഷകർക്ക് ആശ്വാസമാകും. അതേസമയം, കാർഷിക കടം എഴുതിത്തള്ളുന്നതിലൂടെയുണ്ടാകുന്ന സാമ്പത്തിക ഭാരം അധിക നികുതികളിലൂടെയാണു നികത്തുക. പെട്രോൾ–ഡീസൽ വിൽപന നികുതി രണ്ടു ശതമാനവും വൈദ്യുതി നിരക്ക് 6–9 ശതമാനവും വർധിക്കും. മദ്യത്തിനു നാലു ശതമാനമാണ് ബജറ്റിൽ നിർദേശിച്ചിട്ടുള്ള അധിക എക്സൈസ് നികുതി. കാർഷിക വായ്പ എഴുതിത്തള്ളുമെന്നതു ബിജെപിയുൾപ്പെടെ എല്ലാ പാർട്ടികളുടെയും തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.