സാക്കിര്‍ നായിക്കിനെ ഇന്ത്യയിലേക്കു നാടുകടത്തില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി

സാക്കിർ നായിക്ക് (ഫയൽ ചിത്രം)

ക്വാലലംപുര്‍∙ വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ ഇന്ത്യയിലേക്കു നാടുകടത്തില്ലെന്നു മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്. സാക്കിറിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടതായി ഇന്ത്യ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് മഹാതിര്‍ മുഹമ്മദിന്റെ പ്രതികരണം. സാക്കിര്‍ നായിക്കിനു രാജ്യത്തു സ്ഥിരതാമസത്തിനുള്ള അനുമതി നല്‍കിയിട്ടുണ്ട്. യാതൊരു വിധത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്ത സാക്കിറിനെ നിലവിലെ സാഹചര്യത്തില്‍ നാടുകടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

സാക്കിര്‍ നായിക്കിനെ ഇന്ത്യയിലേക്കു നാടുകടത്താന്‍ മലേഷ്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതു നിഷേധിച്ച സാക്കിര്‍ നീതിയും ന്യായവും ഉറപ്പാക്കുന്നതു വരെ ഇന്ത്യയിലേക്കു മടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് സാക്കിറിനെ അനുകൂലിച്ചു മലേഷ്യന്‍ പ്രധാനമന്ത്രി പ്രസ്താവന നടത്തിയത്. 

2016 ജൂലൈയിലാണ് നായിക് മലേഷ്യയില്‍ അഭയം തേടിയത്. സാക്കിര്‍ നായിക് മലേഷ്യയില്‍ ഉണ്ടെന്ന വിവരങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ, വിട്ടുകിട്ടാനായുള്ള നടപടികള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആരംഭിച്ചിരുന്നു. മലേഷ്യയെ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. ഇന്ത്യയുടെ ആവശ്യം മലേഷ്യ പരിഗണിക്കുകയാണെന്നു മന്ത്രാലയം അറിയിച്ചിരുന്നു.  

സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങളാണു തങ്ങളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു പ്രേരിപ്പിച്ചതെന്നു ബംഗ്ലദേശിലെ ധാക്കയില്‍ 2016 ജൂലൈയില്‍ സ്‌ഫോടനം നടത്തിയ ഭീകരര്‍ സമ്മതിച്ചിരുന്നു. ഇതെത്തുടര്‍ന്നു പൊലീസ് അന്വേഷിക്കുന്നതിനിടെ 2016 ജൂലൈയില്‍ ഇന്ത്യ വിട്ട നായിക്കിനെതിരെ കള്ളപ്പണ ഇടപാട് ഉള്‍പ്പെടെ ഒട്ടേറെ കേസുകള്‍ എന്‍ഐഎ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.