പോസ്റ്റുകൾ പ്രിന്റെടുത്ത് തെളിവാക്കി; ജിഎൻപിസി അഡ്മിനെ തേടി എക്സൈസ്

തിരുവനന്തപുരം∙ സമൂഹമാധ്യമ കൂട്ടായ്മയായ ‘ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജിഎൻപിസി)’ ഗ്രൂപ്പിനെതിരെ എക്‌സൈസ് വിഭാഗം കേസെടുത്തു. എക്‌സൈസ് കമ്മിഷണറുടെ നിർദേശ പ്രകാരം തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.അനികുമാറിന്റെ നേതൃത്വത്തിലാണു കേസെടുത്തത്. മദ്യപാനത്തിനു പ്രോത്സാഹനം നൽകുന്ന തരത്തിലുള്ളതും, പരസ്യ പ്രചാരണം നടത്തുന്നതുമായ ഫെയ്സ്ബുക് പോസ്റ്റുകളുടെ പേരിലാണു കേസ്. 

ഗ്രൂപ്പിന്റെ സ്ഥാപക അഡ്മിൻ തിരുവനന്തപുരം നേമം കാരയ്ക്കാമണ്ഡപം ആമീവിളാകം സ്വദേശി അജിത് കുമാറിനെ(40) ഒന്നാം പ്രതിയാക്കിയും ഇദ്ദേഹത്തിന്റെ ഭാര്യ വിനിത(33)യെ രണ്ടാം പ്രതിയാക്കിയും കേസെടുത്തു. ഇരുവരും ഒളിവിലാണെന്നാണു വിവരം.

മണ്ണന്തല എക്‌സൈസ് ഓഫിസിനാണ് അന്വേഷണ ചുമതല. ഗ്രൂപ്പിന്റെ മറ്റ് 36 അഡ്മിന്മാരെ കുറിച്ചും എക്സൈസ് അന്വേഷണം നടന്നു വരികയാണ്. 

ജിഎൻപിസി ഗ്രൂപ്പിൽ കൊച്ചു കുട്ടികളെ വരെ മദ്യത്തിന്റെ കൂടെ നിർത്തിയുള്ള ഫോട്ടോകൾ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നതെന്ന് എക്സൈസ് വ്യക്തമാക്കി. ഇത്തരത്തിലുള്ള ഫോട്ടോകൾ പ്രിന്റ് എടുത്ത് തെളിവിനായി സ്വീകരിച്ചു. പൊതുസമൂഹത്തിനു തെറ്റായ സന്ദേശവും മദ്യാസക്തിയുണ്ടാക്കുന്നതുമായ പ്രചാരണമാണ് ഗ്രൂപ്പ്‌ നടത്തുന്നതെന്നും എക്സൈസ് അധികൃതർ വ്യക്തമാക്കി.