ഓടരുത് ആനവണ്ടീ, ഡീസൽ ചോരും; ഡീസൽച്ചെലവ് കുറയ്ക്കാൻ കെഎസ്ആർടിസി

ഓട്ടം വെട്ടിക്കുറച്ചും പുനഃക്രമീകരിച്ചും സംസ്ഥാനമൊട്ടാകെ കെഎസ്ആർടിസി ഇന്ധനച്ചെലവു കുറയ്ക്കാൻ നടപടി തുടങ്ങി. ഒരേറൂട്ടിൽ വേണ്ടത്ര യാത്രക്കാരില്ലാതെ ബസുകൾ ഓടുന്നുണ്ടോ എന്നറിയാൻ വിജിലൻസ് വിഭാഗം പരിശോധന തുടങ്ങിയിട്ടുണ്ട്. ഇന്ധന ഉപയോഗം കുറയ്ക്കാനായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സോണുകളിൽ മൂന്ന് ഫ്യുവൽ സെല്ലുകളും തുടങ്ങി. കെഎസ്ആർടിസി വിജിലൻസ് വിഭാഗം ആലുവ അത്താണി, വെഞ്ഞാറമ്മൂട്, കല്ലമ്പലം, അമ്പലപ്പുഴ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

ആലുവ അത്താണിയിൽ പകൽ 10 മുതൽ നാലുവരെ തൃശൂരിലേക്ക് 51 ബസുകൾ. 10 മിനിറ്റ് ഇടവേളയിൽ ട്രിപ്പുകൾ ക്രമീകരിച്ചാൽ 37 ബസുകൾ മതിയാകും. 14 ബസുകൾ അധികം. എറണാകുളം ഭാഗത്തേക്ക് ഈ സമയം പോയതു 58 ബസുകൾ. അവിടെയും 21 ട്രിപ്പുകൾ അധികം. ‌ തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽനിന്ന് കൊല്ലം, കൊട്ടാരക്കര റൂട്ടുകളിൽ ഒരു മിനിറ്റ് മുതൽ അഞ്ചുമിനിറ്റുവരെ വ്യത്യാസത്തിൽ ഒട്ടേറെ ബസുകൾ വേണ്ടത്ര യാത്രക്കാരില്ലാതെ ഓടുന്നതായി കണ്ടെത്തി.

തിരുവനന്തപുരം ജില്ലയിൽ ഏഴു ട്രിപ്പുകൾ റദ്ദാക്കി. മലപ്പുറം പൊന്നാനി ഡിപ്പോയിൽനിന്നുള്ള മൂന്ന് സർവീസുകൾ നിർത്തി. ഒരു മാസം മുൻപേ മലപ്പുറം ഡിപ്പോയിൽനിന്നുള്ള രണ്ട് കെയുആർടിസി സർവീസുകൾ പുനഃക്രമീകരിച്ച് മലപ്പുറം – നെടുമ്പാശേരി റൂട്ടിൽ ഓടിത്തുടങ്ങിയിട്ടുണ്ട്. പാലക്കാട്ടുനിന്നു തമിഴ്നാട്ടിലേക്കുള്ള 15 ബസുകളിൽ ലാഭകരമല്ലാത്തതു നിർത്തും. കണ്ണൂർ–തളിപ്പറമ്പ്, കണ്ണൂർ–ഇരിട്ടി ലോ ഫ്ലോർ ബസുകൾ സർവീസുകൾ നിർത്തി. കോഴിക്കോട്, തൃശൂർ, കൊല്ലം ജില്ലകളിൽ സർവീസുകളൊന്നും റദ്ദാക്കിയിട്ടില്ല.

വയനാട്ടിൽ ലാഭകരമല്ലാത്ത മൂന്നൂ റൂട്ടുകളിൽ ഓട്ടം നിർത്തി. ബത്തേരി-മുത്തങ്ങ, പുൽപള്ളി-ബത്തേരി, പൂളക്കുണ്ട്-ബത്തേരി-അമ്പലവയൽ എന്നിവയാണു നിർത്തിയത്. കോട്ടയം ജില്ലാ ഡിപ്പോയിൽ 109 ഷെഡ്യൂളുകൾ ഉണ്ടായിരുന്നത് 93 ആയി കുറച്ചിരുന്നു. ഇനി മൂന്നു റാന്നി സർവീസുകൾ കൂടി വെട്ടിച്ചുരുക്കും.