ഹാഫിസ് സയീദുമായി ബന്ധം: ആസിയ അന്ദ്രാബിയെ എൻഐഎ ചോദ്യം ചെയ്യുന്നു

ഹാഫിസ് സയീദ്

ന്യൂഡല്‍ഹി∙ കശ്മീർ വിഘടനവാദി വനിതാ നേതാവ് ആസിയ അന്ദ്രാബിയെ ചോദ്യം ചെയ്യുന്നതിനായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഡൽഹിയിൽ കൊണ്ടുവന്നു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്കറെ തയിബ തലവനുമായ ഹാഫിസ് സയീദുമായുള്ള ബന്ധത്തെക്കുറിച്ച് അറിയുന്നതിനു വേണ്ടിയാണ് ആസിയയെ ഡൽഹിയിൽ എത്തിച്ചത്. തന്റെ സഹോദരിയാണ് ആസിയ എന്നാണ് ഹാഫിസ് സയീദ് പറയുന്നത്. ഓരോ മണിക്കൂറിലും വനിതാ അന്വേഷണ ഉദ്യോഗസ്ഥർ ആസിയയെ ചോദ്യം ചെയ്തു വരുകയാണെന്ന് എൻഐഎ അധികൃതർ അറിയിച്ചു.

2016ൽ ബുർഹാൻ വാനി കൊല്ലപ്പെട്ടതിനെ തുടർന്നു കശ്മീരിൽ വിദ്യാർഥികളെ സംഘടിപ്പിച്ചു പ്രതിഷേധം നടത്തിയതിനു കഴിഞ്ഞ ഏപ്രിലിലാണ് ആസിയ അന്ദ്രാബി ശ്രീനഗറിൽ അറസ്റ്റിലാകുന്നത്. നിരവധി ലഷ്കറെ തയിബ പ്രവർത്തകർ ആസിയയെ ട്വിറ്ററിൽ പിന്തുടരുന്നുണ്ടെന്നു സൂക്ഷമ നിരീക്ഷണത്തിൽ എൻഐഎ കണ്ടെത്തിയിരുന്നു. ഉറുദു ഭാഷയിലുള്ള ആസിയയുടെ ട്വീറ്റുകളിൽ പലതിലും ഇന്ത്യ വിരുദ്ധ നിലപാടുകളാണ് ഉള്ളത്. ഹാഫിസ് സയീദ് സംഘടിപ്പിച്ച ഒരു റാലിയെ ആസിയ ഫോണിലൂടെ അഭിസംബോധന ചെയ്തിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ ആസിയയെ ഡൽഹിയിലെത്തിച്ചു ചോദ്യം ചെയ്യുന്നത്.

കഴിഞ്ഞ ഒക്ടോബറിൽ കശ്മീരിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച വനിതകള്‍ ഉൾ‌പ്പെടുന്ന പോസ്റ്റിൽ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയോടൊപ്പം ആസിയ അന്ദ്രാബിയുടെ ചിത്രവും പ്രത്യക്ഷപ്പെട്ടത് ഏറെ വിവാദങ്ങൾക്കു വഴിവച്ചിരുന്നു. പാക്കിസ്ഥാൻ സ്വതന്ത്ര്യദിനമായ ഓഗസ്റ്റ് 14നു കശ്മീരിൽ, പാക്കിസ്ഥാൻ പതാക ഉയർത്തിയതുൾപ്പെടെ നിരവധി കേസുകൾ ആസിയക്കെതിരെ ഉണ്ടെങ്കിലും ഇതുവരെ ഒരു നടപടികളും സ്വീകരിച്ചിരുന്നില്ല.