Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മസ്ജിദ് സ്ഫോടനം: പ്രതികളെ വിട്ടു; ജഡ്ജി രാജി വച്ചു

Mecca-Blast-Aseemananda സ്വാമി അസീമാനന്ദ്, ലോകേഷ് ശർമ, ദേവേന്ദർ ഗുപ്ത

ഹൈദരാബാദ് ∙ മക്ക മസ്ജിദ് സ്ഫോടനക്കേസിൽ സ്വാമി അസീമാനന്ദ് ഉൾപ്പെടെ അഞ്ചു പ്രതികളെയും വിട്ടയച്ചതിനു പിന്നാലെ വിധി പറഞ്ഞ ഭീകരവിരുദ്ധ പ്രത്യേക കോടതി ജഡ്ജി കെ. രവിന്ദർ റെഡ്ഡി നാടകീയമായി രാജി പ്രഖ്യാപിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണു രാജിയെന്ന് ആന്ധ്രപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ രവിന്ദർ റെഡ്ഡി പറയുന്നു. ജൂണിൽ വിരമിക്കാനിരിക്കെയാണു രാജി. 

സ്ഫോടനക്കേസിൽ പ്രതികൾക്കെതിരായ ഒരു കുറ്റാരോപണം പോലും തെളിയിക്കാൻ പ്രോസിക്യൂഷനായ എൻഐഎക്കു കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണു കോടതി പ്രതികളെ വിട്ടയച്ചത്. കനത്ത സുരക്ഷയിലായിരുന്നു വിധി പ്രഖ്യാപനം. കോടതിയിൽ മാധ്യമങ്ങൾക്കു പ്രവേശനമുണ്ടായില്ല. 

ജസ്റ്റിസ് കെ.രവിന്ദർ റെഡ്ഡിയുടെ രാജിയും ഇന്നലത്തെ വിധിന്യായവുമായി ബന്ധമില്ലെന്നും രാജിക്കാര്യം അദ്ദേഹം വളരെ നേരത്തെ ആലോചിച്ചിരുന്നതാണെന്നും കോടതിവൃത്തങ്ങൾ അറിയിച്ചു. 

സ്വാമി അസീമാനന്ദ്, ദേവേന്ദ്ര ഗുപ്ത, ലോകേഷ് ശർമ, ഭരത് ഭായ് എന്ന ഭരത് മോഹൻലാൽ രതേശ്വർ, രാജേന്ദ്ര ചൗധരി എന്നിവരെയാണു കോടതി വിട്ടയച്ചത്. കേസിൽ ആകെ 10 പത്തു പ്രതികളാണെങ്കിലും അഞ്ചുപേരെ മാത്രമേ വിചാരണ ചെയ്തുള്ളു. സന്ദീപ് വി.ഡാങ്കേ, രാമചന്ദ്ര കാൽസാൻഗ്ര എന്നീ പ്രതികൾ ഒളിവിലാണ്. മറ്റൊരു പ്രതി സുനിൽ ജോഷി കൊല്ലപ്പെട്ടു. മറ്റു രണ്ടുപേർക്കെതിരെ അന്വേഷണം പുരോഗമിക്കുന്നു. മക്ക മസ്ജിദ് സ്ഫോടനങ്ങൾക്കു പുറമേ സംഝോത എക്‌സ്പ്രസ്, മാലെഗാവ്,അജ്‌മേർ ദർഗ സ്‌ഫോടനങ്ങളിലും തനിക്കും പ്രവർത്തകർക്കും നേരിട്ടു പങ്കുണ്ടെന്നു സ്വാമി അസിമാനന്ദ് 2010 ൽ സിബിഐ കസ്റ്റഡിയിൽ കുറ്റസമ്മതമൊഴി നൽകിയിരുന്നു.എന്നാൽ, ഈ കുറ്റസമ്മതമൊഴി സ്വമേധയാ നൽകിയതാണെന്നു കോടതിക്കു ബോധ്യമായില്ലെന്നു പ്രതിഭാഗം അഭിഭാഷകൻ ജെ.പി.ശർമ പറഞ്ഞു. 

സിബിഐനൽകിയ ആദ്യകുറ്റപത്രത്തിനു പുറമേ എൻഐഎയും കുറ്റപത്രം നൽകിയിരുന്നു. 

2007ലെ അജ്‌മേർ ദർഗ സ്ഫോടനക്കേസിൽ അസീമാനന്ദയെ കഴിഞ്ഞവർഷം കുറ്റവിമുക്തനാക്കിയിരുന്നു. 2007 ൽ 68പേർ കൊല്ലപ്പെട്ട സംഝോത എക്‌സ്പ്രസ് സ്ഫോടനക്കേസിലും പ്രതിയാണ് അസീമാനന്ദ്. 

പ്രതികളെ രക്ഷിക്കാൻ എൻഐഎ ഒത്തുകളിച്ചുവെന്നു കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു. എന്നാൽ, കോൺഗ്രസിന്റെ പ്രീണനരാഷ്ട്രീയത്തിനുള്ള മറുപടിയാണ് വിധിയെന്നു ബിജെപി പറഞ്ഞു. 

justice-ravinder-reddy

ജസ്റ്റിസ് രവിന്ദർ റെഡ്ഡി 

ആന്ധ്ര –തെലങ്കാന വിഭജനകാലത്തു ജുഡീഷ്യൽ ഓഫിസർമാരുടെ നിയമനവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിൽ പങ്കെടുത്തതിനു 2016 ൽ രവിന്ദർ റെഡ്ഡിയെ ഹൈക്കോടതി സസ്പെൻഡ് ചെയ്തിരുന്നു. അന്നു തെലങ്കാന ജഡ്ജസ് അസോസിയേഷൻ പ്രസിഡന്റായിരുന്നു അദ്ദേഹം. 

ഹൈദരാബാദിലെ നാലാം അഡീഷനൽ മെട്രൊപൊളിറ്റൻ സെഷൻസ് ജഡ്ജ് ആയ റെഡ്ഡിക്കെതിരെ, പ്രതിക്കു ജാമ്യം നൽകുന്നതിൽ പക്ഷപാതം കാണിച്ചുവെന്ന പരാതിയും നിലവിലുണ്ട്.

ഒൻപതു പേർ മരിച്ച സ്ഫോടനം 2007 മേയിൽ 

തെലങ്കാന തലസ്ഥാനമായ ഹൈദരാബാദിലെ നാലു നൂറ്റാണ്ടു പഴക്കമുള്ള പ്രസിദ്ധമായ മക്ക മസ്ജിദിൽ 2007 മേയ് 18 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.15നു ജുമുഅ നമസ്കാരത്തിനിടെയാണു സ്ഫോടനം. വിദൂരനിയന്ത്രിത സംവിധാനം ഉപയോഗിച്ചു നടത്തിയ പൈപ്പ് ബോംബ് സ്ഫോടനത്തിൽ ഒൻപതുപേർ മരിച്ചു. 58 പേർക്കു പരുക്കേറ്റു. പള്ളിവളപ്പിൽനിന്നു കണ്ടെടുത്ത പൊട്ടാത്ത രണ്ടു ബോംബുകൾ പിന്നീടു നിർവീര്യമാക്കി. സംഭവത്തിനു ശേഷം ഹൈദരാബാദ് നഗരത്തിലുണ്ടായ അക്രമത്തിനിടെ പൊലീസ് വെടിവയ്പ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടു.

ആദ്യം ലോക്കൽ പൊലീസാണ് കേസ് അന്വേഷിച്ചത്. പിന്നീട് 2007 ജൂൺ ഒൻപതിനു സിബിഐക്കു വിട്ടു. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 2011 ഏപ്രിൽ എഴിനു കേസ് ഏറ്റെടുത്തു. ആദ്യം ജയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തയിബ, ബംഗ്ലദേശിലെ ഹർക്കത്തുൽ ജിഹാദ് അൽ ഇസ്‌ലാമി തുടങ്ങിയ സംഘടനകളിലേക്കാണ് അന്വേഷണം നീണ്ടതെങ്കിലും പിന്നീട് അഭിനവ് ഭാരത് എന്ന സംഘടനയിലേക്കെത്തി. സ്വാമി അസീമാനന്ദ്, ദേവേന്ദർ ഗുപ്ത, ലോകേഷ് ശർമ തുടങ്ങിയവർ അറസ്റ്റിലായി.

related stories