ഉന്നാവ്: പെൺകുട്ടിയെ വീട്ടിലെത്തിച്ചു പീഡിപ്പിച്ചു, ബിജെപി എംഎൽഎയ്ക്കെതിരെ കുറ്റപത്രം

കുല്‍ദീപ് സിങ് സെംഗര്‍ (ഫയൽ ചിത്രം)

ലക്നൗ∙ ഉന്നാവ് പീഡനക്കേസിൽ ബിജെപി എംഎൽഎയ്ക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്വന്തം വീട്ടിൽ പീഡിപ്പിച്ചതിനാണ് എംഎൽഎ കുൽദീപ് സിങ് സെംഗറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ വർഷം ജൂൺ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. പോക്സോ ആക്ട് പ്രകാരമാണു കേസെടുത്തിരിക്കുന്നത്. എംഎൽഎയ്ക്കും സഹോയിയായ സാഷി സിങ്ങിനുമെതിരെ ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്. 

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീട്ടിലെത്തിയ പെൺകുട്ടി തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചതോടെയാണ് കേസ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയത്. കേസിൽ ഏപ്രിൽ 13ന് എംഎൽഎയെ അറസ്റ്റ് ചെയ്തിരുന്നു. 

ജോലി വാഗ്ദാനം ചെയ്തു വീട്ടിലേക്കു വിളിച്ചു വരുത്തി പീഡിപ്പിച്ചതായി മൂന്നു മാസം മുൻപാണു പെൺകുട്ടി പരാതി നൽകിയത്. സാഷി സിങ്ങാണ് പെൺകുട്ടിയെ വീട്ടിലെത്തിച്ചത്. 2017 ജൂണ്‍ നാലിനു രാത്രി എട്ടോടെ വീട്ടിലെത്തിയ പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായതായി സിബിഐ കണ്ടെത്തിയിരുന്നു. ഇതിനു ശേഷം ജൂൺ 11നും 20നും ഇടയിൽ പെൺകുട്ടി പിന്നെയും പീഡനത്തിരയായതായി പരാതിയിലുണ്ട്. ഈ കേസും സിബിഐ അന്വേഷിക്കുകയാണ്. 

പീഡനക്കേസിൽ ഡോക്ടർമാരുടെയും പൊലീസ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെയും പങ്ക് അന്വേഷിക്കുകയാണെന്നും സിബിഐ അറിയിച്ചു. പെൺകുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവവും സിബിഐ അന്വേഷണ പരിധിയിലുണ്ട്. കുൽദീപിന്റെ സഹോദരൻ ജയ്ദീപ് സിങ് ഉൾപ്പെടെ അഞ്ചു പേർക്കെതിരെ നേരത്തേ കുറ്റപത്രം സമർപ്പിച്ചിരുന്നു.