ആർഎസ്എസിന്റെ ഹിന്ദുരാഷ്ട്ര സങ്കല്‍പം പാക്കിസ്ഥാന്റെ തനിപ്പകര്‍പ്പ്: ആവർത്തിച്ച് തരൂർ

ശശി തരൂർ

ന്യൂഡൽഹി∙ ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഹിന്ദുരാഷ്ട്ര സങ്കല്‍പം പാക്കിസ്ഥാന്റെ തനിപ്പകര്‍പ്പാണെന്ന് ആവര്‍ത്തിച്ചു ശശി തരൂര്‍ എംപി. ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യ 'ഹിന്ദു പാക്കിസ്ഥാന്‍' ആകുമെന്നു ഇന്നലെ തിരുവനന്തപുരത്തു തരൂര്‍ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ആരോപണം ആവര്‍ത്തിച്ചു തരൂര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

'ഞാന്‍ മുമ്പും ഇതു പറഞ്ഞിട്ടുണ്ട്. ഇനിയും പറയും. ഒരു ശക്തമായ മതത്തിന്റെ അടിത്തറയില്‍ നിര്‍മിക്കപ്പെട്ട പാക്കിസ്ഥാന്‍ ന്യൂനപക്ഷങ്ങളോടു വിവേചനം കാട്ടുകയും അവരുടെ അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുകയാണ്. രാജ്യം വെട്ടിമുറിക്കപ്പെട്ടതിന്റെ യുക്തി അംഗീകരിക്കാന്‍ ഇന്ത്യയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഹിന്ദുരാഷ്ട്ര സങ്കല്‍പം പാക്കിസ്ഥാന്റെ തനിപ്പകര്‍പ്പാണ്. മതാധിപത്യത്തിലൂന്നി ന്യൂനപക്ഷങ്ങളെ കീഴാളരായി പരിഗണിക്കുന്ന ഇടമാകും അത്. അതൊരു ഹിന്ദു പാക്കിസ്ഥാന്‍ ആയിരിക്കും. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം നടന്നത് അതിനുവേണ്ടിയായിരുന്നില്ല. ഭരണഘടനയില്‍ പവിത്രമായി സൂക്ഷിക്കുന്ന ഇന്ത്യയെന്ന സങ്കല്‍പം അതല്ല താനും. പാക്കിസ്ഥാന്റെ ഹിന്ദു പതിപ്പായി മാറാതെ നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ കാത്തു സൂക്ഷിക്കുകയാണു വേണ്ടത്'- തരൂരിന്റെ പോസ്റ്റില്‍ പറയുന്നു.