ബ്രഹ്മോസ് മിസൈൽ പുതിയ പതിപ്പിന്റെ പരീക്ഷണം വി‍ജയം

ബ്രഹ്മോസ് മിസൈൽ (ഫയൽ ചിത്രം)

ന്യൂഡൽഹി∙ ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലിന്റെ പുതിയ പതിപ്പിന്റെ പരീക്ഷണം വിജയകരം. ബ്രഹ്മോസ് എയറോസ്പേസിന്റെയും ഡിഫൻസ് റിസേർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ)ന്റെയും നേതൃത്വത്തിൽ ഒഡീഷയിലെ ബാലസോറിലുള്ള ടെസ്റ്റ് റേഞ്ചിൽനിന്നായിരുന്നു വിക്ഷേപണം. പരീക്ഷണ വിജയത്തോടെ മിസൈലിന്റെ കാലപരിധി 10–15 വര്‍ഷങ്ങൾ വർധിപ്പിക്കാനുള്ള ദൗത്യം പൂർത്തിയായി.

സൈനിക – നാവിക സേനാംഗങ്ങൾ ഏറെക്കാലമായി ഉപയോഗിക്കുന്ന ബ്രഹ്മോസ് മിസൈലിന്റെ പുതിയ പതിപ്പ് വ്യോമസേനയുടെ യുദ്ധ വിമാനമായ സുഖോയ് 30 എംകെഐയിൽ ഉടൻ ഘടിപ്പിക്കും.

ഇന്ത്യയും റഷ്യയും ചേർന്നു വികസിപ്പിച്ച ബ്രഹ്മോസ് മിസൈൽ ഇന്ത്യൻ പ്രതിരോധ വിഭാഗത്തിന്റെ സുപ്രധാന ഘടകമാണ്. ശബ്ദവേഗത്തിനെക്കാൾ മൂന്നിരട്ടി വേഗത്തിൽ വരെ സഞ്ചരിക്കാൻ ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലിനു സാധിക്കും. 200 മുതൽ 300 കിലോ വരെയാണ് ഒരു മിസൈലിന്റെ ഭാരം.