ഓടിക്കയറും കെഎസ്ആർടിസി ‘ചുവപ്പു’ കാണാതെ; പിഴയൊടുക്കാതെ ഒളിച്ചുകളി

തിരുവനന്തപുരം∙ റോഡ് നിയമങ്ങള്‍ ലംഘിച്ചശേഷം പിഴയടക്കാതെ കെഎസ്ആര്‍ടിസിയുടെ ഒളിച്ചുകളി. വേഗപരിധിയും ചുവപ്പു സിഗ്നലും ലംഘിച്ചതിന് 2011ന് ശേഷം 6,571 ചാര്‍ജ് മെമ്മോകള്‍ ഗതാഗതവകുപ്പ് കെഎസ്ആര്‍ടിസിക്ക് നല്‍കിയെങ്കിലും 4,706 ചാര്‍ജ് മെമ്മോകള്‍ക്ക് മാത്രമാണ് സ്ഥാപനം പിഴയടച്ചത്. 6,571 മെമ്മോകളില്‍നിന്ന് കിട്ടേണ്ട തുകയായ 36.58 ലക്ഷത്തില്‍ കിട്ടിയത് 24.23 ലക്ഷം രൂപ. 12.35 ലക്ഷംരൂപ ഇനി കിട്ടാനുണ്ട്.

കെഎസ്ആര്‍ടിസിയുടെ 5,800 ബസുകളില്‍ 5,098 ബസുകളാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. നിയമം ലംഘിക്കുന്ന ബസുകള്‍ ഏതു ഡിപ്പോയിലേതാണെന്നു പരിശോധിച്ചാണ് ഗതാഗതവകുപ്പ് നോട്ടിസ് അയയ്ക്കുന്നത്. അമിതവേഗത്തിന് 400 രൂപയും ചുവപ്പു സിഗ്നല്‍ ലംഘിച്ചാല്‍ 1,000 രൂപയുമാണ് പിഴ. തുക ഡ്രൈവറുടെ ശമ്പളത്തില്‍നിന്ന് കോര്‍പ്പറേഷന്‍ ഈടാക്കും. എന്നാല്‍, സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ കെഎസ്ആര്‍ടിസിക്ക് ഗതാഗത വകുപ്പ് അധികൃതര്‍ ഇളവുകള്‍ നല്‍കുന്നതിനാല്‍ പിഴ കൃത്യ സമയത്ത് ഈടാക്കാന്‍ കഴിയാത്ത സാഹചര്യമാണ്.

കെഎസ്ആര്‍ടിസി അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നല്‍കാനുള്ള പിഴയുടെ കണക്കുകള്‍ ജില്ലാടിസ്ഥാനത്തില്‍ ശേഖരിക്കണമെന്നും അഞ്ചു തവണയില്‍ കൂടുതല്‍ നിയമലംഘനം നടത്തിയ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കണമെന്നും ഗതാഗത കമ്മിഷണര്‍ ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടും നടപടികള്‍ ഇഴയുകയാണ്. അഞ്ചു തവണയില്‍ കൂടുതല്‍ ഗതാഗത നിയമലംഘനം നടത്തിയാല്‍ ഡ്രൈവറെ വിളിച്ചുവരുത്തി ഹിയറിങ് നടത്തും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. ആറു മാസംവരെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാം. ആറു മാസം ജോലിയില്‍നിന്ന് മാറിനില്‍ക്കേണ്ടിവരുമെന്നതിനാല്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് ഉദ്യോഗസ്ഥരില്‍ ചിലര്‍ ഇളവുകള്‍ നല്‍കാറുണ്ട്. അഞ്ചിലധികം തവണ നിയമലംഘനം നടത്തിയാലും നടപടി പിഴയിലൊതുക്കും. എന്നാല്‍ ഈ പിഴപോലും കെഎസ്ആര്‍ടിസിയില്‍നിന്ന് ഈടാക്കാന്‍ ഗതാഗതവകുപ്പിന് കഴിയുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

∙ ഡ്രൈവര്‍മാര്‍ക്ക് ‘നേര്‍വഴി’ കാട്ടാന്‍ ആളില്ല

2016 ലെ കണക്കനുസരിച്ച് കെഎസ്ആര്‍ടിസിയിലെ ഡ്രൈവര്‍മാരുടെ എണ്ണം 13,899 ആയിരുന്നു. കെഎസ്ആര്‍ടിസിയുടെ സ്റ്റാഫ് ട്രെയ്നിങ് സെന്ററിലാണ് ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കിയിരുന്നത്. 16 ഡ്രൈവിങ് പരിശീലകര്‍ ഓരോ മാസവും ഓരോ യൂണിറ്റുകള്‍ സന്ദര്‍ശിച്ച് ഡ്രൈവര്‍മാരുടെ ജോലി പരിശോധിക്കണമെന്നായിരുന്നു എംഡിയുടെ നിര്‍ദേശം. വാഹനമോടിക്കുമ്പോള്‍ ലഭിക്കുന്ന ഇന്ധനക്ഷമതയും (കെഎസ്ആര്‍ടിസിയില്‍ ലീറ്ററിന് 4.5 കിലോമീറ്റര്‍), നേരത്തെ ഉണ്ടാക്കിയ അപകടങ്ങളും വിശകലനം ചെയ്തു ഓരോ ഡ്രൈവറും ജോലിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ പരിശീലകര്‍ നിര്‍ദേശിക്കും. തെറ്റുകള്‍ വരുത്തുന്നവര്‍ക്ക് ട്രെയ്നിങ് സെന്ററില്‍ രണ്ടാഴ്ചത്തെ പരിശീലനം നല്‍കും. ഡ്രൈവര്‍മാരുടെ കുറവുണ്ടാകുകയും നൂറോളം ഷെഡ്യൂളുകള്‍ ഓപ്പറേറ്റ് ചെയ്യാന്‍ കഴിയാതെ വരികയും ചെയ്തതോടെ മേയ് മാസത്തില്‍ 16 പരിശീലകരെ മാതൃ യൂണിറ്റിലേക്ക് തിരികെ വിളിച്ചു. ഇതോടെ ഡ്രൈവര്‍മാരുടെ പരിശീലനം നിലച്ചു.

∙ എല്ലാ വർഷവും ഒരായിരം അപകടങ്ങൾ

2015 ല്‍ കെഎസ്ആര്‍ടിസി ബസുകളുണ്ടാക്കിയ ആകെ അപകടങ്ങള്‍ 1,379. ഇതിൽ മരിച്ചത് 208 പേര്‍. 2,528പേര്‍ക്ക് പരുക്കേറ്റു. 2016 ല്‍ ആകെ അപകടങ്ങള്‍ 1,367. മരിച്ചത് 173 പേര്‍. 2,269 പേര്‍ക്ക് പരുക്കേറ്റു. 2017 ല്‍ 1,410 അപകടങ്ങള്‍ (മരിച്ചവരുടേയും പരുക്കേറ്റവരുടേയും വിവരങ്ങള്‍ ലഭ്യമല്ല).