ലോക്സഭയിൽ ഉന്തും തള്ളും; മോദിക്ക് നേരെ പാഞ്ഞടുത്ത് ടിഡിപി അംഗങ്ങൾ

അവിശ്വാസപ്രമേയ ചർച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ.

ന്യൂഡൽഹി ∙ നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ചയ്ക്കിടെ ലോക്സഭയില്‍ ഉന്തും തള്ളും. പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ച് തുടങ്ങിയതിന് ശേഷമാണ് പ്രസംഗം തടസപ്പെടുത്തി സഭയിൽ പ്രതിഷേധം ഉയർന്നത്. മുദ്രാവാക്യങ്ങളുമായി പ്രധാനമന്ത്രിക്ക് അടുത്തേക്ക് നീങ്ങിയ ടിഡിപി അംഗങ്ങളെ ബിജെപി  അംഗം അനുരാഗ് ഠാക്കൂര്‍ തടഞ്ഞതോടെ സഭയിൽ ബഹളമായി. ടിഡിപിയെ പിന്തുണച്ച് ഇടത്, തൃണമൂൽ അംഗങ്ങളും രംഗത്തെത്തിയതോടെ മോദിയുടെ പ്രസംഗം അൽപസമയം നിർത്തിവച്ചു. 

അവിശ്വാസപ്രമേയത്തിൽ സംഖ്യകള്‍കൊണ്ടു സര്‍ക്കാരിനെ വീഴ്ത്താന്‍ കഴിയില്ലെങ്കിലും സംവാദത്തില്‍ തുറന്നുകാട്ടാനാണ് പ്രതിപക്ഷം ശ്രമിച്ചത്. അതേസമയം, പ്രസംഗത്തിലുടനീളം പ്രതിപക്ഷത്തെ കടന്നാക്രമിച്ചാണ് നരേന്ദ്രമോദി മുന്നേറിയത്. ‘‘ചിലർ പറയുന്നു പ്രധാനമന്ത്രിക്ക് സഭയിൽ 15 മിനിറ്റിൽ അധികം നിൽക്കാനാവില്ലെന്ന്. ഇതാ ഞാനിവിടെ അഭിമാനത്തോടെ നിൽക്കുന്നു, ചുമതല നിർവഹിക്കുന്നു. വോട്ടെണ്ണൽ കഴിഞ്ഞാലും ജനം എന്റെയടുത്തു വരും, എന്നെ ഇവിടെത്തന്നെ നിർത്തും. അവർക്കറിയാം ആരെ നിർത്തണം, ആരെ ഇരുത്തണം എന്ന്. അവരാണ് ഈ രാജ്യം എന്താകണമെന്ന് തീരുമാനിക്കുന്നത്.’’ – മറുപടി പ്രസംഗത്തിൽ മോദി പറഞ്ഞു.

സഭയിൽ അപ്രതീക്ഷിതമായി തന്നെ ആശ്ലേഷിച്ച രാഹുൽ ഗാന്ധിയെയും മോദി പരിഹസിച്ചു. ‘‘രാഹുൽ ഗാന്ധി എന്റെയടുത്തുവന്നതും ആലിംഗനം ചെയ്തതും എന്നെ അമ്പരപ്പിച്ചു. എന്തിനാണിത്ര ധൃതി? ജനാധിപത്യത്തിലെ പൗരന്മാരെ വിശ്വാസത്തിലെടുക്കൂ. ചിലർ ട്രഷറി ബെഞ്ചിലേക്ക് ഓടിവരുകയാണ്. എന്തിനാണ് നിങ്ങൾ ധൃതി കൂട്ടുന്നത്?’’ –  കൂട്ടച്ചിരിയോടെയാണ് ബിജെപി അംഗങ്ങൾ ഈ വാക്കുകളെ സ്വീകരിച്ചത്. തന്റെ സർക്കാർ ജനങ്ങൾക്കായി നടത്തിയ പ്രവർത്തനങ്ങളും മോദി പ്രസംഗത്തിൽ എടുത്തുകാട്ടി.