മുല്ലപ്പെരിയാർ മേഖലയിലെ മഴ നിരീക്ഷിക്കാൻ കാലാവസ്ഥാ ഉപഗ്രഹം, ചെലവ് 1.5 കോടി

തിരുവനന്തപുരം∙ മുല്ലപ്പെരിയാറില്‍ കാലാവസ്ഥാ നിരീക്ഷണത്തിന് ഉപഗ്രഹ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ സംസ്ഥാനം തയാറെടുക്കുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ലഭിക്കുന്ന മഴയുടെ അളവു ശാസ്ത്രീയമായി കണക്കാക്കുന്നതിന് ഐഎസ്ആര്‍ഒയുടെ സഹായത്തോടെയാണു പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി 1.5 കോടി രൂപ കൈമാറി. 2019ല്‍ പദ്ധതി കമ്മിഷന്‍ ചെയ്യാന്‍ കഴിയുമെന്നാണു സര്‍ക്കാരിന്റെ പ്രതീക്ഷ.

പരമ്പരാഗത രീതിയില്‍ മഴയുടെ അളവു ദിവസേന രേഖപ്പെടുത്തുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഇക്കാരണത്താല്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തു പെയ്യുന്ന മഴയുടെ അളവോ അണക്കെട്ടിലേക്ക് എത്ര ജലം ഒഴുകിവരുമെന്നോ ശാസ്ത്രീയമായി കണക്കാക്കാനാകുന്നില്ല. പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ ഓരോ മണിക്കൂറും കാലാവസ്ഥാ നിരീക്ഷണം സാധ്യമാകും.

മൊബൈല്‍ സിം കാര്‍ഡുകള്‍ ഉപയോഗിച്ചു കാലാവസ്ഥാ നിരീക്ഷണം സാധ്യമാക്കുന്ന ഉപകരണങ്ങള്‍ പല പദ്ധതി പ്രദേശങ്ങളിലും ഇപ്പോള്‍തന്നെയുണ്ട്. പറമ്പിക്കുളം - ആളിയാര്‍ പദ്ധതിയില്‍ ജിപിഎസ് സംവിധാനം ഉപയോഗിക്കുന്നുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളുള്‍പ്പെടുന്ന സ്ഥലങ്ങളില്‍ മൊബൈല്‍ കമ്പനികള്‍ക്ക് റേയ്ഞ്ച് ഇല്ലാത്തതിനാലാണ് ഉപഗ്രഹ സംവിധാനത്തെ ആശ്രയിക്കാന്‍ തീരുമാനിച്ചത്.

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിലെ 12 ഭാഗങ്ങളില്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് വനംവകുപ്പാണ്. ഈ ഭാഗങ്ങളില്‍ വനംവകുപ്പിന് ഓഫിസുകളും നിരീക്ഷണ കേന്ദ്രങ്ങളുമുണ്ട്. പുറത്തുനിന്നുള്ള ജീവനക്കാരാണ് ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതെങ്കില്‍ വനത്തിനുള്ളിലേക്ക് കടക്കാന്‍ വനംവകുപ്പിന്റെ അനുമതി വേണം. അനുമതി ലഭിക്കാന്‍ കാലതാമസമുണ്ടാകുമെന്നതിനാലാണ് വനംവകുപ്പിനെതന്നെ ജോലി ഏല്‍പ്പിച്ചത്. ഇതിനാവശ്യമായ പണം വനം വകുപ്പിന് കൈമാറിയിട്ടുണ്ട്. ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന നടപടികള്‍ ആരംഭിച്ചു.

പദ്ധതി പൂര്‍ത്തിയായാൽ‍, ഉപഗ്രഹത്തില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ തമിഴ്നാടുമായി പങ്കുവയ്ക്കും. അവര്‍ക്കാണ് അണക്കെട്ടിന്റെ പ്രവര്‍ത്തനാധികാരം. സുപ്രീംകോടതി നിര്‍ദേശപ്രകാരം രൂപീകരിച്ച മേല്‍നോട്ടസമിതിക്കും വിവരങ്ങള്‍ നല്‍കും. ശാസ്ത്രീയ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ കഴിയുന്നതോടെ അണക്കെട്ടിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.