Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാം സുരക്ഷാ ബിൽ ലോക്സഭയിൽ; കേരളത്തിനു പ്രതീക്ഷ

Mullaperiyaar Dam

ന്യൂഡൽഹി ∙ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടു വേണമെന്ന കേരളത്തിന്റെ വാദത്തിനു ശക്തി പകരുന്ന ഡാം സുരക്ഷാ ബിൽ ലോക്സഭയിൽ. അണക്കെട്ടുകളുടെ സുരക്ഷിതത്വത്തിനും പരിപാലനത്തിനും ദേശീയ, സംസ്ഥാന തലങ്ങളിൽ ഉന്നതതല അതോറിറ്റിയും സമിതിയും രൂ‌പീകരിക്കാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ ജലവിഭവ സഹമന്ത്രി അർജുൻ സിങ് മേഘ്‌വാളാണ് അവതരിപ്പിച്ചത്.

അണക്കെട്ടു ദുരന്തങ്ങൾ ഒഴിവാക്കുകയാണു മുഖ്യലക്ഷ്യം. അഡീഷനൽ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥനു കീഴിലായിരിക്കും കേന്ദ്ര ഡാം സുരക്ഷാ അതോറിറ്റി. കേന്ദ്ര ഡാം സുരക്ഷാ സമിതിക്കു കേന്ദ്ര ജല കമ്മിഷൻ മേധാവി നേതൃത്വം നൽകും. സം‌സ്ഥാന തല അതോറിറ്റിയും സമിതിയും കേന്ദ്ര മാർഗനിർദേശങ്ങളനുസരിച്ചാണു പ്ര‌വർത്തിക്കുക. 

കേരളത്തിൽ നിലവിൽ ഡാം സുരക്ഷാ അതോറിറ്റിയുണ്ടെങ്കിലും പ്ര‌‌വർത്തനം കാര്യക്ഷമമല്ല. കഴിഞ്ഞ പ്രളയകാലത്ത് അതോറിറ്റിക്കെതിരെ ഗുരുതര ആരോപണങ്ങളുയർന്നിരുന്നു. ആന്ധ്രയും ബംഗാളും 2006ൽ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണു നിയമനിർമാണ നീക്കം. 1982 ൽ കേന്ദ്ര ജല കമ്മിഷനും ഇക്കാര്യം ശുപാർശ ചെയ്തിരുന്നു. ജലം സംസ്ഥാന വിഷയമായതു കൊണ്ടു ‌കേന്ദ്രനിയമം സംസ്ഥാന നിയമസഭകൾ പ്രമേയം വഴി അംഗീകരിക്കേണ്ടി വരും. 

അപകടാവസ്ഥയിലുള്ള മുല്ലപ്പെരിയാർ അണക്കെട്ടു സ്വന്തം ചെലവിൽ പുതുക്കിപ്പണിയാൻ കേരളം സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും തമിഴ്നാട് എതിർക്കുകയായിരുന്നു. 

അണക്കെട്ട് അപകടാവസ്ഥയിലാണെന്നു സുപ്രീം കോടതിയെ ബോധ്യപ്പെടുത്താനും സംസ്ഥാനത്തിനു കഴിഞ്ഞില്ല. കേരളത്തിലേതടക്കം രാജ്യത്തെ 198 പ്രമുഖ അണക്കെട്ടുക‌ളുടെ പരിപാലനത്തിനും സംരക്ഷണത്തിനും 3,466 കോടി രൂപയുടെ പുതുക്കിയ പദ്ധതി കേന്ദ്രം ഈയിടെ അംഗീകരിച്ചിരുന്നു. സുരക്ഷ, ജീവനും സ്വത്തിനും സംരക്ഷണം, നാശനഷ്ടങ്ങൾക്കു പരിഹാരം തുടങ്ങിയവ ഉൾപ്പെട്ടതാണു പദ്ധതി. 

related stories