Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്: പരിഗണനാവിഷയങ്ങൾ നിർദേശിക്കാൻ പരിസ്ഥിതി മന്ത്രാലയത്തിന്റെ ശുപാർശ

Mullapperiyar-Damm

ന്യൂഡൽഹി ∙ മുല്ലപ്പെരിയാറിൽ കേരളം പുതിയ അണക്കെട്ട് പണിയാൻ ഉദ്ദേശിക്കുന്ന പ്രദേശത്ത് നിലവിലെ സ്ഥിതി വിലയിരുത്താനുള്ള പഠനത്തിനായി പരിഗണനാ വിഷയങ്ങൾ (ടിഒആർ‍) നിർദേശിക്കാൻ പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി ശുപാർശ ചെയ്തു. പിന്നാലെ, ഉടക്കുമായി തമിഴ്നാട് രംഗത്തെത്തി; മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി കേന്ദ്ര സർക്കാരിനു കത്തെഴുതി.

നേരത്തേ, പുതിയ അണക്കെട്ടിനായി സർവേ നടത്താൻ 2009 ലും പരിസ്ഥിതി ആഘാത പഠനത്തിന് 2014 ലും ദേശീയ വന്യജീവി ബോർഡ് അനുമതി നൽകിയപ്പോഴും തമിഴ്നാട് എതിർത്തതാണ്. അപ്പോൾ കേന്ദ്രം നിലപാടു മാറ്റി. 

ഇപ്പോഴത്തെ തീരുമാനം കോടതിയലക്ഷ്യമാണെന്നും സുപ്രീം കോടതിയെ സമീപിക്കുമെന്നുമാണ് തമിഴ്നാട് ആദ്യം പറഞ്ഞത്.

പ്രളയ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കാൻ കോടതി ഇടപെട്ടിരുന്നു. പുതിയ വിഷയം കോടതിയിൽ എത്തിക്കുന്നതു ഗുണകരമാവില്ലെന്നു തമിഴ്നാട് വിലയിരുത്തിയെന്നാണു സൂചന.

വൃഷ്ടി പ്രദേശം, വെള്ളത്തിൽ താഴ്ന്നുപോകാവുന്ന പ്രദേശം, പദ്ധതി പ്രദേശം തുടങ്ങിയവയിൽ 3 ഋതുക്കളിലുള്ള പഠനമുൾപ്പെടെ നടത്തി അടിസ്ഥാന വിവരങ്ങൾ ശേഖരിക്കാൻ അനുവദിക്കാമെന്നാണു വിദഗ്ധ സമിതിയുടെ നിലപാട്. 

അനുവാദം നൽകേണ്ടത് വനം– പരിസ്ഥിതി മന്ത്രാലയമാണ്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ പുതിയ പഠനം ആവശ്യമാണെന്നു കേരളവും അണക്കെട്ട് പദ്ധതിയുടെ കൺസൾട്ടന്റായ പ്രഗതി ലാബ്സും സമിതിയോടു വ്യക്തമാക്കിയിരുന്നു.

സാധാരണയുള്ള ടിഒആറിനു പുറമെ, 7 നിബന്ധനകൾകൂടി സമിതി നിർദേശിച്ചിട്ടുണ്ട്. അവയിൽ ചിലത് ഇപ്പോഴത്തെ പഠനവുമായി ബന്ധമുള്ളതുമല്ല. പരിസ്ഥിതി അനുമതിക്ക് അപേക്ഷിക്കുമ്പോൾ ഇരു സംസ്ഥാനങ്ങളും ധാരണയിലെത്തിയിരിക്കണം, മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലുള്ള കേസിലെ ഉത്തരവു ലഭ്യമാക്കണം, ടിഒആർ അനുവദിക്കുന്നതിനാൽ പരിസ്ഥിതി അനുമതിക്ക് യോഗ്യതയായെന്ന് അർഥമില്ല, നിലവിലെ അണക്കെട്ട് തമിഴ്നാടിന്റെ നിയന്ത്രണത്തിലായതിനാൽ പരിസ്ഥിതി അനുമതിക്കായി വിവരം ശേഖരിക്കാൻ അവരുടെ സമ്മതം വേണം തുടങ്ങിയവയാണ് നിബന്ധനകൾ.

ഹൈക്കോടതിയിലുള്ള കേസ് നിലവിലെ അണക്കെട്ടിന്റെ സുരക്ഷാച്ചുമതല സിഐഎസ്എഫിനെ ഏൽപിക്കണമെന്നാവശ്യപ്പെട്ടാണെന്ന വസ്തുതപോലും കണക്കിലെടുത്തില്ലെന്നാണു വ്യക്തമാകുന്നത്.

പുതിയ അണക്കെട്ട്

∙ നിലവിലെ അണക്കെട്ടിന് 366 മീറ്റർ താഴെ

∙ ഉയരം – 53.22 മീറ്റർ

∙ ആവശ്യമായ ഭൂമി – 50 ഹെക്ടർ

∙ വെള്ളത്തിൽ താഴ്ന്നുപോകാവുന്ന പ്രദേശം – 22.23 ഹെക്ടർ

∙ മൊത്തം വൃഷ്ടി പ്രദേശം – 624.5 കിലോമീറ്റർ

∙ പദ്ധതിച്ചെലവ് – 633 കോടി

∙ നിർമാണം പൂർത്തിയാക്കാൻ വേണ്ടത് – 4 വർഷം

related stories