Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുല്ലപ്പെരിയാർ പുതിയ അണക്കെട്ട്; സർവേക്ക് തമിഴ്നാട് അനുമതി വേണ്ട

ന്യൂഡൽഹി ∙ തമിഴ്നാട് സമ്മതിക്കുകയോ തർക്കത്തിനു പരിഹാരമുണ്ടാവുകയോ ചെയ്താൽ മാത്രമേ മുല്ലപ്പെരിയാറിൽ കേരളം പണിയാൻ ഉദ്ദേശിക്കുന്ന അണക്കെട്ടിനുള്ള പരിസ്ഥിതി അനുമതി അപേക്ഷ സ്വീകരിക്കൂ എന്ന് കേന്ദ്ര വനം– പരിസ്ഥിതി മന്ത്രാലയം. പുതിയ അണക്കെട്ടിന്റെ പരിസ്ഥിതി ആഘാത വിലയിരുത്തലിനു മുന്നോടിയായ സർവേ നടത്താൻ മന്ത്രാലയം കഴിഞ്ഞ മാസം 14ന് കേരളത്തിന് അനുമതി നൽകിയിരുന്നു. തമിഴ്നാടിന്റെ എതിർപ്പ് അവഗണിച്ചായിരുന്നു നടപടി.

സർവേക്ക് അനുമതി നൽകുന്നതിനു തമിഴ്നാടിന്റെ സമ്മതം വേണ്ടെന്നു പരിസ്ഥിതി സഹമന്ത്രി ഡോ.മഹേഷ് ശർമ്മ രാജ്യസഭയിൽ വ്യക്തമാക്കി. സർവേയുടെ പരിഗണനാ വിഷയങ്ങൾ (ടിഒആർ) അനുവദിച്ചപ്പോൾ തന്നെ, തർക്കത്തിനു പരിഹാരമുണ്ടായാൽ മാത്രമേ പരിസ്ഥിതി അനുമതിക്കുള്ള അപേക്ഷ സ്വീകരിക്കുകയുള്ളുവെന്നു കേരളത്തെ അറിയിച്ചിട്ടുണ്ട്.

പുതിയ അണക്കെട്ടിനായി സർവേ നടത്താൻ 2009 ലും പരിസ്ഥിതി ആഘാത പഠനത്തിനു 2014 ലും ദേശീയ വന്യജീവി ബോർഡ് അനുമതി നൽകിയപ്പോഴും തമിഴ്നാട് എതിർത്തിരുന്നു. തുടർന്ന് കേന്ദ്രം നിലപാടു മാറ്റി. തർക്കത്തിനു പരിഹാരമില്ലെങ്കിൽ തങ്ങളെ സമീപിക്കാനാണു 2014 മേയ് 7ലെ വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളത്.