Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുല്ലപ്പെരിയാർ: സുരക്ഷാ ആശങ്ക സുപ്രീം കോടതിയിൽ ഇന്ന് വീണ്ടും

ന്യൂഡൽഹി ∙ കേരളത്തിലുണ്ടായ പ്രളയത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നുള്ള വെള്ളത്തിന്റെ പങ്കിനെക്കുറിച്ച് തർക്കം നിലനിൽക്കെ, അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉന്നിച്ചുള്ള അപേക്ഷ സുപ്രീം കോടതി ഇന്നു വീണ്ടും പരിഗണിക്കും. അണക്കെട്ടിലെ ജലനിരപ്പ് കഴിഞ്ഞമാസം 31 വരെ 139.99 അടിയിൽ കൂടാൻ പാടില്ലെന്ന് നേരത്തേ കോടതി നിർദേശിച്ചിരുന്നു. 

കേരളവും തമിഴ്നാടും നൽകിയ സത്യവാങ്മൂലങ്ങളിൽ പ്രളയത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിനുള്ള പങ്കിനെക്കുറിച്ച് ഭിന്നനിലപാടുകളാണുള്ളത്. 

കേരളം പറയുന്നത്: ‘മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് പെട്ടെന്നു വെള്ളം തുറന്നുവിട്ടപ്പോൾ, ഇടുക്കി അണക്കെട്ടിൽനിന്നു കൂടുതൽ വെള്ളം ഒഴുക്കാൻ നിർബന്ധിതമായി. ഇതും പ്രളയത്തിനു കാരണമായി.’ 

തമിഴ്നാട്: ‘ഇടുക്കി, ഇടമലയാർ അണക്കെട്ടുകളിൽ നിന്നായി കഴിഞ്ഞ 14 മുതൽ 19 വരെ ഒഴുക്കിയത് 36.28 ടിഎംസി വെള്ളമാണ്. മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നു വെള്ളമൊഴുക്കാൻ തുടങ്ങിയത് 15 മുതലാണ്. 20 വരെ ആകെയൊഴുക്കിയത് 6.65 ടിഎംസി മാത്രം’. 

മുല്ലപ്പെരിയാർ ഡാമിന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് 2104ൽ നിർദേശിച്ച പരമാവധി ജലനിരപ്പ് 142 അടിയാണ്. എന്നാൽ, കഴിഞ്ഞ 16ന് ജലനിരപ്പ് 142.2 അടിയായി. അതനുവദിച്ച തമിഴ്നാടിന്റെ നടപടി കോടതിയലക്ഷ്യമായി കണക്കാക്കണമെന്നാണ് അഭിഭാഷകൻ മനോജ് വി.ജോർജിന്റെ വാദം. 

നേരത്തെ വിധി നൽകിയപ്പോൾ നിലനിന്ന സാഹചര്യം മാറിയതിനാൽ വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിടണമെന്നും വാദമുണ്ട്.