സ്ത്രീ പ്രവേശനം വേണ്ടെന്നത് പഴയ നിലപാട്; പുതിയത് ഉടനെന്ന് ദേവസ്വം ബോര്‍ഡ്

ശബരിമല സന്നിധാനത്ത് അയ്യപ്പദർശനത്തിനായി മേൽപാലത്തിലും തിരുമുറ്റത്തുമായി തീർഥാടകർ തിങ്ങി നിറഞ്ഞപ്പോൾ. ചിത്രം: മനോരമ

തിരുവനന്തപുരം∙ ശബരിമല സ്ത്രീ പ്രവേശനത്തില്‍ നിലപാട് എടുത്തിട്ടില്ലെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സുപ്രീംകോടതിയില്‍ അഭിഭാഷകന്‍ അറിയിച്ചതു പഴയ ബോര്‍ഡിന്റെ നിലപാടാണെന്നു ദേവസ്വം കമ്മീഷണര്‍ എന്‍.വാസു മനോരമ ന്യൂസിനോടു പറഞ്ഞു. സ്ത്രീ വിഷയത്തില്‍ നിലപാടു സ്വീകരിക്കാന്‍ ദേവസ്വം ബോര്‍ഡ് യോഗം വൈകിട്ട്  തിരുവനന്തപുരത്ത് ചേരും.

ശബരിമലയില്‍ സ്ത്രീ പ്രവേശനമാകാമെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചപ്പോള്‍ സ്ത്രീ പ്രവേശനം പാടില്ലെന്ന നിലപാടാണു ദേവസ്വം ബോര്‍ഡ് സ്വീകരിച്ചത്. എന്നാല്‍ അഭിഭാഷകന്‍ കോടതിയില്‍ നിലപാട് അറിയിച്ചത് ദേവസ്വം ബോര്‍ഡിനോട് ആലോചിക്കാതെ പഴയ ബോര്‍ഡിന്റെ നിലപാടാണെന്നും ദേവസ്വം കമ്മീഷണര്‍ പറഞ്ഞു.

പന്തളം രാജകുടുംബവുമായും തന്ത്രിയുമായി ആലോചിച്ചാവും ഇക്കാര്യത്തില്‍ ബോര്‍ഡ് നിലപാടു കൈക്കൊള്ളുക എന്നാണു സൂചന. ഹൈന്ദവ സംഘടനകളുടെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണായകമായേക്കും.