Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലക്ഷ്യം 20 മണ്ഡലങ്ങളും, ചെങ്ങന്നൂർ മാതൃകയാക്കണം; നിർദേശിച്ച് സിപിഎം

cpm.

തിരുവനന്തപുരം∙ കേരളത്തിലെ 20 ലോക്സഭാമണ്ഡലങ്ങളും ലക്ഷ്യമിട്ടു പ്രവർത്തിക്കാൻ സംസ്ഥാനതല നേതൃശിൽപശാലയിൽ സിപിഎം നിർദേശിച്ചു. 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 18 സീറ്റും കിട്ടിയ ചരിത്രം ഇടതുമുന്നണിക്കുണ്ട്. കൂടുതൽ അനുകൂലമായ സാഹചര്യമാണിപ്പോഴെന്നും അത് ഉപയോഗിക്കൂവെന്നുമായിരുന്നു നേതൃത്വത്തിന്റെ ആഹ്വാനം.

140 നിയമസഭാ മണ്ഡലങ്ങളുടെയും സെക്രട്ടറിമാർ തൊട്ടു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ വരെയുള്ള നേതൃനിര അപ്പാടെ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തിലുടനീളമുണ്ടായിരുന്നു. ലോക്സഭാ ഇലക്‌ഷനുശേഷം ഒരു മൂന്നാം ശക്തി രാജ്യത്ത് ഉയർന്നുവരുമെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ബിജപിയെ നേരിടാൻ കോ‍ൺഗ്രസിനു കഴിയില്ല. ബിജെപിയോ കോൺഗ്രസോ നയിക്കുന്ന ശക്തികളല്ലാതെ ഒന്നാകും ഉദയം ചെയ്യുക. അതിൽ ഇടതുപക്ഷത്തിനു നേതൃപരമായ പങ്ക് വഹിക്കാനുണ്ട്.

എന്നാൽ, അതിനു കേരളത്തിനു ശക്തമായ സംഭാവന നൽകാൻ കഴിയണം. ബംഗാളിലോ ത്രിപുരയിലോ നിന്നു പഴയ പ്രതീക്ഷകളൊന്നും വേണ്ട. അതിനാൽ ഓരോ പ്രവർത്തകരും ഉത്തരവാദിത്തമേറ്റെടുത്തു പ്രവർത്തിക്കണമെന്നു കോടിയേരി ആവശ്യപ്പെട്ടു.

ചെങ്ങന്നൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ സംഘടനാ പ്രവർത്തനശൈലി മാതൃകയാക്കണമെന്നും നേതൃത്വം നിർദേശിച്ചു. പാർട്ടി പ്രവർത്തനത്തിൽ വീഴ്ചയുള്ള സ്ഥലങ്ങളിൽ മുഴുവൻസമയ പ്രവർത്തകരെ നിയോഗിക്കണം. എസ്എഫ്ഐ, ഡിവൈഎഫ്ഐ രംഗങ്ങളിൽനിന്നു മാറിയ പാർട്ടി അംഗങ്ങളെ ഇതിനായി നിയോഗിക്കാം. എൽഡിഎഫ് വിപുലീകരിക്കാൻ പോകുകയാണെന്നും വ്യക്തമാക്കി.

സംഘടനയേൽപിക്കുന്ന ജോലികളിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇലക്‌ഷനിൽ കമ്മിറ്റികൾക്കല്ല, ഓരോ വ്യക്തിക്കുമായിരിക്കും ചുമതലകൾ. പ്രവർത്തിക്കാത്ത ഒരാളെയും പാർട്ടിയിൽ വേണ്ട. എംപിമാർ, എംഎൽഎമാർ തുടങ്ങിയവരും പങ്കെടുത്തു.