2 മണിക്കൂറിൽ സക്കർബർഗിന് നഷ്ടം 1500 കോടി ഡോളർ; ആടിയുലഞ്ഞ് ഫെയ്സ്ബുക്

മാർക് സക്കർബർഗ് (ഫയൽ ചിത്രം)

ന്യൂയോർക്ക്∙ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതിനു പിന്നാലെ യുഎസ് ഓഹരിവിപണിയിൽ തകർന്ന് ഫെയ്സ്ബുക്. 1500 കോടി ഡോളറിന്റെ നഷ്ടമാണു രണ്ടു മണിക്കൂർ കൊണ്ടുണ്ടായത്. ഇതോടെ ലോക ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഫെയ്സ്ബുക് സിഇഒ മാർക് സക്കർബർഗ് മൂന്നാം സ്ഥാനത്തു നിന്ന് ആറാമതെത്തി. ആകെ വരുമാനത്തിന്റെ അഞ്ചു ശതമാനത്തോളമാണു സക്കർബർഗിനു നഷ്ടമായത്.

രണ്ടാം പാദത്തിൽ കമ്പനിയുടെ വരുമാനത്തിന്റെ ഉൾപ്പെടെ വിവരങ്ങൾ പുറത്തുവന്ന ശേഷമാണ് തകർച്ചയെന്നതു ശ്രദ്ധേയം. മൂന്നും നാലും പാദങ്ങളിൽ വരുമാനം കുറയുമെന്ന ചീഫ് ഫിനാൻഷ്യൽ ഓഫിസർ ഡേവിഡ് വെനറുടെ പ്രസ്താവനയോടെ ഓഹരികളിൽ 24 ശതമാനത്തിന്റെ ഇടിവാണു രേഖപ്പെടുത്തിയത്. കമ്പനിയുടെ വരുമാനം വർധിച്ചിട്ടുണ്ട്. എന്നാൽ പ്രതീക്ഷിച്ചത്ര വരുമാനം രണ്ടാം പാദത്തിൽ ലഭിച്ചില്ലെന്നതാണു തിരിച്ചടിയായത്.

ഫെയ്സ്ബുക് ഉപയോക്താക്കളുടെ എണ്ണത്തിലും പ്രതീക്ഷിച്ചതിലും കുറവു രേഖപ്പെടുത്തി. ഫെയ്സ്ബുക് ഉപയോക്താക്കളുടെ വളർച്ച കുറഞ്ഞെങ്കിലും 250 കോടി ജനങ്ങൾ കമ്പനിയുടെ ഏതെങ്കിലും ഒരു ആപ്ലിക്കേഷൻ ഓരോ മാസവും ഉപയോഗിക്കുന്നുണ്ടെന്ന ന്യായമാണു കമ്പനി മുന്നോട്ടു വയ്ക്കുന്നത്. വാട്സാപ്പും ഇൻസ്റ്റഗ്രാമും ഉൾപ്പെടെയാണിത്.

ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട കേംബ്രിജ് അനലിറ്റിക്ക വിവാദമാണ് രണ്ടാം പാദത്തിലെ തിരിച്ചടിയുടെ പ്രധാന കാരണം. വരുംനാളുകളിൽ വരുമാനം കുറയുമെന്നും ചെലവു കൂടുമെന്നുമുള്ള മുന്നറിയിപ്പുമുണ്ട്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ പരിശോധിക്കുകയും സ്വകാര്യത സംരക്ഷിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കാണു ചെലവേറുക. രണ്ടാം പാദത്തിൽ ചെലവ് 740 കോടി ഡോളറായാണ് ഉയർന്നത്. കഴിഞ്ഞ വർഷത്തേക്കാളും 50 ശതമാനം വര്‍ധനവാണിത്.

മൂന്നാം പാദത്തിലും നാലാം പാദത്തിലും പ്രതീക്ഷിച്ച വരുമാനത്തേക്കാൾ കുറവായിരിക്കും നേടുകയെന്നും കമ്പനി വ്യക്തമാക്കി. ചെലവിൽ 50 -60 ശതമാനം വരെ ഉയർച്ചയാണു ഫെയ്സ്ബുക് പ്രതീക്ഷിക്കുന്നത്. ഡേറ്റാ സംരക്ഷണം, മാർക്കറ്റിങ് തുടങ്ങിയവയ്ക്കാണു ചെലവിലേറെയും മാറ്റിവയ്ക്കേണ്ടി വരിക. കേംബ്രിജ് അനലിറ്റിക്ക വിവാദത്തിനൊപ്പം യൂറോപ്യൻ പ്രൈവസി നിയമം ശക്തിപ്പെടുത്തിയതും ഫെയ്സ്ബുക്കിനേറ്റ ആഘാതത്തിനു കാരണമായിട്ടുണ്ട്.