ബിജെപിയിൽ അനിശ്ചിതത്വം; കുമ്മനത്തെ തിരികെ എത്തിക്കണമെന്ന് ആർഎസ്എസ്

കേരളത്തിലെത്തിയ അമിത് ഷാ ബിജെപി നേതാക്കൾക്കൊപ്പം. ഫയൽചിത്രം: മനോരമ

തിരുവനന്തപുരം∙ ബിജെപി സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കുന്നതിനെച്ചൊല്ലി കേന്ദ്രനേതൃത്വത്തില്‍ അനിശ്ചിതത്വം തുടരുന്നു. മുന്‍ അധ്യക്ഷന്മാരില്‍ ഒരാള്‍ക്ക് ലോക്സഭാ തിരഞ്ഞെടുപ്പു വരെ താല്‍ക്കാലിക ചുമതല നല്‍കണമെന്നാണു പൊതുധാരണ. അതിനിടെ, മിസോറം ഗവർണറായ കുമ്മനം രാജശേഖരനെ സംസ്ഥാന രാഷ്ട്രീയത്തിലേക്കു തിരികെ കൊണ്ടുവരണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടു.

മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ പി.കെ.കൃഷ്ണദാസ്, പി.എസ്.ശ്രീധരന്‍പിള്ള, ഉപാധ്യക്ഷന്‍ കെ.പി.ശ്രീശന്‍ എന്നിവരില്‍ ഒരാള്‍ക്കു ലോക്സഭാ തിരഞ്ഞെടുപ്പു വരെ ചുമതല നല്‍കി തല്‍ക്കാലം പ്രശ്നം പരിഹരിക്കാമെന്നാണു കേന്ദ്രനേതൃത്വത്തിന്‍റെ തീരുമാനം. ഗ്രൂപ്പുകള്‍ക്കതീതനായ പി.എസ്.ശ്രീധരന്‍പിള്ളയ്ക്കു ചുമതല നല്‍കുന്നതില്‍ ആര്‍എസ്എസിന് അനുകൂല നിലപാടാണെന്നാണ് സൂചന.

അതേസമയം, ആര്‍എസ്എസ് നേതാക്കളില്‍ ആരെയെങ്കിലും അധ്യക്ഷസ്ഥാനത്തേക്കു കെട്ടിയിറക്കാനുള്ള സാധ്യതയില്ല. കെ.സുരേന്ദ്രനു വേണ്ടി മുരളീധര പക്ഷവും എം.ടി.രമേശിനു വേണ്ടി കൃഷ്ണദാസ് പക്ഷവും നിലപാട് കടുപ്പിച്ചതോടെയാണ് അധ്യക്ഷപദത്തിലെ തീരുമാനം അനിശ്ചിതത്വത്തിലായത്. സുരേന്ദ്രനെ അധ്യക്ഷനാക്കുന്നതില്‍ ആര്‍എസ്എസും എതിര്‍പ്പറിയിച്ചിട്ടുണ്ട്.

എം.ടി.രമേശിനെ തീരുമാനിച്ചാല്‍ സഹകരിക്കില്ലെന്നു മറുപക്ഷവും നിലപാടെടുത്തു. സമവായ നീക്കവുമായി അമിത് ഷാ കേരളത്തിലെത്തിയെങ്കിലും തീരുമാനമെടുക്കാന്‍ കഴിയാതെ മടങ്ങുകയായിരുന്നു. അതിനിടെ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ തിരികെ കൊണ്ടുവന്നു തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന് ആര്‍എസ്എസ് ബിജെപി കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടു. കുമ്മനം മല്‍സരിച്ചാല്‍ ജയസാധ്യത കൂടുതലാണെന്നാണ് ആര്‍എസ്എസിന്റെ വിലയിരു‌ത്തൽ.