ശമ്പളം 31ന് തന്നെ; വാക്കു പാലിച്ചെന്ന് കെഎസ്ആർടിസി സിഎംഡി

കെഎസ്ആർടിസി എംഡി ടോമിൻ ജെ. തച്ചങ്കരി കെഎസ്ആർടിസി കണ്ടക്ടർ യുണിഫോമിൽ

തിരുവനന്തപുരം ∙ കെഎസ്ആർടിസി ജീവനക്കാർക്കുള്ള മാസശമ്പളം കൃത്യമായി നൽകുമെന്ന വാക്കുപാലിച്ചതായി എംഡി ടോമിൻ ജെ.തച്ചങ്കരി. മാസാവസാനമായ ജൂലൈ 31ന് തന്നെ ശമ്പളം നല്‍കാൻ സാധിച്ചു. വളരെ ബുദ്ധിമുട്ടി കഷ്ടിച്ചു തുക കണ്ടെത്തിയാണ് സാധിച്ചത്. 2018 ഏപ്രിലിൽ ദിനംപ്രതി മൂന്ന് കോടി രൂപയാണു ഡീസലിന് കൊടുത്തിരുന്നത്. ഇപ്പോൾ ദിനംപ്രതി 3.31 കോടി രൂപയാണു നൽകുന്നത്. അതായത് മാസം 10 കോടിയുടെ അധിക ചെലവ്. ശമ്പളം കൊടുക്കാൻ സാധിച്ചെങ്കിലും മറ്റാവശ്യങ്ങൾക്കൊന്നും പണമില്ലെന്നും തച്ചങ്കരി അറിയിച്ചു.

കടുത്ത സാമ്പത്തിക ബാധ്യതയിലാണു കെഎസ്ആർടിസി മുന്നോട്ടുപോകുന്നത്. ഇപ്പോൾ ലഭിക്കുന്നതിലും കൂടുതൽ സഹായം ഇല്ലാതെ മുന്നോട്ടു പോകാനാകില്ല. ജീവനക്കാർക്കും സപ്ലയേഴ്സിനും കോടിക്കണക്കിനു രൂപ കടം വീട്ടാനുണ്ട്. മെഡിക്കൽ റി ഇംപേഴ്സ്മെന്റ്, പിഎഫ്, എൻഡിആർ, സ്ഥാനക്കയറ്റം നീട്ടിവയ്ക്കൽ തുടങ്ങിയ പ്രശ്നങ്ങളെല്ലാം പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും തച്ചങ്കരി അറിയിച്ചു.

ജീവനക്കാർക്കു കൃത്യദിവസം തന്നെ ശമ്പളം ഉറപ്പാക്കുമെന്നു തച്ചങ്കരി നേരത്തേ പ്രഖ്യാപിച്ചിരുന്നു. കെഎസ്ആർടിസിയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള പരിഷ്കാരങ്ങൾക്കു സർക്കാരിന്റെ പൂർണ പിന്തുണയുണ്ടെന്നു ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനും കഴിഞ്ഞദിവസം പറഞ്ഞിരുന്നു. നഷ്ടത്തിലായ കോർപറേഷനെ രക്ഷിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങൾക്കു ജീവനക്കാരുടെ ഭാഗത്തുനിന്നു പിന്തുണയുണ്ടാകണം. ജീവനക്കാരുടെ ക്ഷേമകാര്യങ്ങൾ ശ്രദ്ധിക്കുന്നതിനൊപ്പം പരിഷ്കാരങ്ങളുമായി മുന്നോട്ടു പോകുമെന്നും ശശീന്ദ്രൻ വ്യക്തമാക്കി.