വീട്ടമ്മയെ പീഡിപ്പിച്ച കേസ്: രണ്ടു വൈദികർ കൂടി കീഴടങ്ങി

കൊല്ലം∙ വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ ഓര്‍ത്തഡോക്സ് സഭയിലെ രണ്ടു വൈദികർ കീഴടങ്ങി. ഒന്നാംപ്രതി ഫാ. ഏബ്രഹാം വർഗീസ്, നാലാംപ്രതി ഫാ. ജെയ്സ് കെ. ജോർജ് എന്നിവരാണു കീഴടങ്ങിയത്. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. ഒന്നാം പ്രതി ഫാ.  ഏബ്രഹാം വർഗീസിനെ 23 വരെ റിമാൻഡ് ചെയ്തു. കീഴടങ്ങാൻ തയാറാണെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വൈദികരോട് ഇന്നു കീഴടങ്ങാനും കോടതി നിർദേശിച്ചു. അറസ്റ്റിനുശേഷം വൈദികർ സമർപ്പിക്കുന്ന ജാമ്യാപേക്ഷയിൽ ഇന്നുതന്നെ വിചാരണക്കോടതി വിധി പറയണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.

ഫാ. ഏബ്രഹാം വർഗീസ് തിരുവല്ല കോടതിയിലാണു കീഴടങ്ങിയത്. ഇന്നു കീഴടങ്ങിയില്ലെങ്കിൽ സുപ്രീംകോടതിയെ വിവരം അറിയിച്ചശേഷം അറസ്റ്റ് നടപടികളിലേക്കു നീങ്ങാൻ അന്വേഷണസംഘം തീരുമാനിച്ചിരുന്നു. പരാതിക്കാരിയെ പതിനാറാം വയസ്സുമുതൽ മാനഭംഗം ചെയ്തുവെന്നാണ് ഒന്നാംപ്രതിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. കൗൺസലിങ് വിവരങ്ങൾ ദുരുപയോഗം ചെയ്തു മാനഭംഗപ്പെടുത്തി എന്നാണു നാലാംപ്രതിക്കെതിരായ കുറ്റം. കേസിൽ നേരത്തേ അറസ്റ്റിലായ രണ്ടാംപ്രതി ഫാ. ജോബ് മാത്യു, മൂന്നാംപ്രതി ഫാ. ജോൺസൺ വി.മാത്യു എന്നിവർക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.