ഒരേക്കർ ഭൂമി സംഭാവന; താരങ്ങളായി സ്വാഹയും അനുജൻ ബ്രഹ്മയും

സ്വാഹയും ബ്രഹ്മയും. ചിത്രം: മനോരമ

പയ്യന്നൂർ∙ ലോകത്തിന്റെ വിവിധ കോണുകളിൽനിന്നു കേരളത്തിലേക്കു സഹായം പ്രവഹിക്കുന്നതിനിടെ ‘അണ്ണാറക്കണ്ണനും തന്നാലായത്’ എന്നു വിശേഷിപ്പിച്ചു ‘കൊച്ചു സംഭാവന’ നൽകി വിദ്യാർഥി സഹോദരങ്ങൾ. അച്ഛൻ തങ്ങൾക്കു കരുതിവച്ച ഭൂമിയിൽനിന്ന് ഒരേക്കർ സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകാമെന്നാണു പയ്യന്നൂർ ഷേണായ് സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ സ്വാഹയും ബ്രഹ്മയും അറിയിച്ചിരിക്കുന്നത്. പയ്യന്നൂർ മാവിച്ചേരിയിലെ സ്വർഗം ശങ്കരന്റെ മക്കളാണിവർ.

Read more at: ഇവൾ എന്റെ 'പൊൻകുട്ടി'; ദുരിതബാധിതർക്ക് ഒരേക്കർ നൽകുന്ന മകളെപ്പറ്റി അച്ഛൻ

സ്കൂളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണു ഭൂമി വാഗ്ദാനം ചെയ്തു ചേച്ചിയും അനുജനും കത്തു കൈമാറിയത്. കാങ്കോൽ വില്ലേജിൽ 50 ലക്ഷത്തോളം രൂപ വിലവരുന്ന സ്ഥലമാണു സംഭാവന ചെയ്യുന്നത്. പ്ലസ് വൺ വിദ്യാർഥിയായ സ്വാഹ ചെസ് ദേശീയ ചാംപ്യനാണ്. സ്വാഹയുടെയും ബ്രഹ്മയുടെയും തീരുമാനത്തെ കുട്ടികൾ കയ്യടിയോടെ സ്വീകരിച്ചത്. സമൂഹമാധ്യമങ്ങളിലും ഇരുവരും താരങ്ങളായി.

സ്കൂൾ അധികൃതർക്ക് നൽകിയ കത്തിൽനിന്ന്:

അണ്ണാറക്കണ്ണനും തന്നാലായത് എന്നല്ലേ? നാടിന്റെ ഇന്നത്തെ ദയനീയസ്ഥിതിയിൽ ഞാനും എന്റെ അനുജൻ ബ്രഹ്മയും കൂടി നമ്മുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കൊച്ചു സംഭാവന നൽകാൻ ആഗ്രഹിക്കുന്നു. കൃഷിക്കാരനായ അച്ഛൻ ഞങ്ങളുടെ നാളേക്കുവേണ്ടി കരുതിവച്ചിരിക്കുന്ന ഭൂസ്വത്തിൽനിന്ന് ഒരേക്കർ സ്ഥലം സംഭാവനയായി നൽകാൻ നിശ്ചയിച്ചു. അച്ഛന്റെ അനുവാദം ഞങ്ങൾ വാങ്ങി. ഇനി ഞങ്ങൾ എന്താണു വേണ്ടത്?

വിനീത വിധേയർ

സ്വാഹയും ബ്രഹ്മയും.