രാഹുലിന് ചൈനീസ് ബന്ധമെന്ന് ബിജെപി; മറുപടിയുമായി കോൺഗ്രസ്

കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി

ന്യൂഡ‍ൽഹി∙ രാഹുലിന്റെ മാനസരോവർ യാത്രയുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തിനെതിരെ ചൈനീസ് ബന്ധം ആരോപിച്ച് ബിജെപി. ദോക്‌‍ലാ തര്‍ക്ക സമയത്ത് രാഹുൽ സർക്കാരിനെ വിശ്വാസത്തിലെടുക്കാതെ ചൈനീസ് അംബാസഡറെയാണു കണ്ടതെന്ന് ബിജെപി വക്താവ് സംബിത് പത്ര ആരോപിച്ചു. സർക്കാരിന്റെ നിരവധി ഉദ്യോഗസ്ഥരെ അദ്ദേഹത്തിനു കാണാമായിരുന്നു. എന്നാൽ ദോക്‌‍ലാ വിഷയത്തിൽ അദ്ദേഹം ചൈനീസ് പ്രതിനിധികളെയാണ് കണ്ടത്.

രാഹുലിന്റെ ചൈനീസ് താൽപര്യം പ്രകടമാണ്. എല്ലാകാര്യങ്ങളിലും അദ്ദേഹം ചൈനീസ് നിലപാടുകൾ അറിയുന്നതെന്തിനാണ്?. എന്നാൽ ഇന്ത്യൻ അഭിപ്രായങ്ങൾ അദ്ദേഹം അറിയുന്നുണ്ടോ?. ഏതൊക്കെ രാഷ്ട്രീയനേതാക്കളെയാണ് അദ്ദേഹം കാണുന്നത്?. രാഹുലിന്റെ വിശ്വാസത്തെ ഞങ്ങൾ ചോദ്യം ചെയ്യുന്നില്ല. എന്നാൽ ചൈനയുമായി അദ്ദേഹത്തിനും കുടുംബത്തിനുമുള്ള പ്രത്യേകബന്ധം വിശദമാക്കിയേ തീരു. ബെയ്ജിങ് ഒളിംപിക്സ് സമയത്ത് സോണിയാ ഗാന്ധി, റോബർട്ട് വാധ്‍ര, പ്രിയങ്കാ ഗാന്ധി എന്നിവർ ചൈനയുടെ വിശിഷ്ടാതിഥികളായിരുന്നു– ബിജെപി വക്താവ് ആരോപിച്ചു. 

എന്നാൽ രാഹുലിന്റെ യാത്ര തടസ്സപ്പെടുത്തുന്നതിനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. രാഹുലിന്റെ കൈലാസയാത്രയിൽ ബിജെപിയും മോദിയും പരിഭ്രമിക്കുന്നതെന്തിനെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സുര്‍ജേവാല ചോദിച്ചു. മാനസരോവർ യാത്രയ്ക്കായി രണ്ടു വഴികളാണുള്ളത്. ഒന്ന് നേപ്പാൾ വഴിയും മറ്റൊന്ന് ചൈന വഴിയും. ഇതില്‍ ചൈന വഴിയായിരിക്കും രാഹുൽ സഞ്ചരിക്കുകയെന്നാണ് റിപ്പോർട്ടുകള്‍. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 12 വരെയാണ് കോൺഗ്രസ് അധ്യക്ഷന്റെ കൈലാസ്–മാനസരോവർ യാത്ര. ഗുജറാത്ത് തിരഞ്ഞെടുപ്പു സമയത്തു താനൊരു ശിവഭക്തനാണെന്ന് രാഹുല്‍ പറഞ്ഞിരുന്നു. 

ദോക്‌‍ലാ വിഷയത്തിൽ ഇന്ത്യ–ചൈന തർക്കം രൂക്ഷമായ സാഹചര്യത്തിൽ രാഹുൽ ഗാന്ധി ചൈനീസ് അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയ സംഭവമാണ് ബിജെപി വീണ്ടും ഉയർത്തിക്കൊണ്ടുവന്നത്. ജനുവരിയിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതിനിധികളുമായും രാഹുൽ വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തിയിരുന്നു.