അനാവശ്യ തസ്തികകൾ മാറ്റിയാലേ മുന്നോട്ടു പോകാനാകൂ: തച്ചങ്കരി

ടോമിൻ തച്ചങ്കരി (ഫയൽ ചിത്രം).

തിരുവനന്തപുരം ∙ അനാവശ്യ തസ്തികകളില്‍നിന്നു ജീവനക്കാരെ മാറ്റിനിര്‍ത്തിയാല്‍ മാത്രമേ കെഎസ്ആര്‍ടിസിക്ക് മുന്നോട്ടു പോകാന്‍ കഴിയൂ എന്ന് എംഡി ടോമിന്‍ ജെ.തച്ചങ്കരി. ബസ് ബോഡി നിര്‍മാണം നടത്തിയിരുന്ന താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ ജീവനക്കാരുടെ സംഘടനകള്‍ പ്രതിഷേധവുമായി എത്തിയതിനെ തുടർന്നാണ് എംഡിയുടെ വിശദീകരണം.

143 ജീവനക്കാരെയാണു താല്‍ക്കാലികമായി മാറ്റി നിര്‍ത്തിയത്. 2,173 താല്‍ക്കാലിക ജീവനക്കാരെ ജോലിയില്‍നിന്നു മാറ്റി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ല. നാലു മാസത്തിനുള്ളില്‍ ഡ്രൈവര്‍ തസ്തികയിലേക്ക് കാലഹരണപ്പെട്ട പിഎസ്‌സി ലിസ്റ്റില്‍നിന്ന് മുന്‍പ് മാറ്റിനിര്‍ത്തപ്പെട്ടവര്‍ ഉള്‍പ്പെടെ 1,175 പേരെ താല്‍ക്കാലികമായി ജോലിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അങ്ങനെ നോക്കിയാല്‍ എംപാനല്‍ ജീവനക്കാരുടെ എണ്ണം കോര്‍പറേഷനില്‍ വര്‍ധിച്ചിട്ടുണ്ട്.

കെഎസ്ആര്‍ടിസി ഇപ്പോള്‍ ബസ് ബോഡി നിര്‍മിക്കുന്നില്ല. കഴിഞ്ഞവര്‍ഷം മാര്‍ച്ച് മുതല്‍ ബോഡി നിര്‍മാണം നടക്കുന്നില്ലെങ്കിലും പിഎസ്‌സി വഴി നിയമനം ലഭിച്ചവര്‍ വര്‍ക്‌ഷോപ്പുകളില്‍ വെറുതേയിരിക്കുകയാണ്. 448 പേരാണ് ഇത്തരത്തിലുള്ളത്. പുനര്‍വിന്യസിച്ചാലും 265 പേര്‍ അധികംവരും. സ്ഥിരം ജീവനക്കാരെ മാറ്റി നിര്‍ത്തുന്നതിനു പകരം താല്‍ക്കാലിക ജീവനക്കാരെ താല്‍ക്കാലികമായി മാറ്റി നിര്‍ത്തേണ്ട സാഹചര്യമാണ്. കെഎസ്ആര്‍ടിസി ബസ് ബോഡി നിര്‍മാണം നിര്‍ത്തിയിട്ടും ജീവനക്കാരില്‍ ഒരു വിഭാഗം സമ്മര്‍ദം ഉപയോഗിച്ച് വിവിധ വര്‍ക്‌ഷോപ്പുകളില്‍ തുടരുന്നുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കോര്‍പറേഷന് ഇത്തരത്തില്‍ അധിക ജീവനക്കാരെ സംരക്ഷിച്ചു നിര്‍ത്താന്‍ കഴിയില്ല. ഇപ്പോള്‍ വാഹന നിര്‍മാതാക്കള്‍ പൂര്‍ണ നിര്‍മിത ബസുകളാണു നല്‍കുന്നത്. ഒഴിവാക്കപ്പെടുന്ന താല്‍ക്കാലിക ജീവനക്കാരെ ബസ് ബോഡി നിര്‍മാണം പുനഃരാരംഭിക്കുമ്പോള്‍ തിരിച്ചെടുക്കും. എംപാനല്‍ ജീവനക്കാരില്‍ കണ്ടക്ടര്‍, ഡ്രൈവര്‍ തസ്തികകള്‍ക്കു വേണ്ട യോഗ്യതയുണ്ടെങ്കില്‍ അവരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുമെന്നും എംഡി അറിയിച്ചു.