മദ്യലഹരിയിൽ വാഹനമോടിച്ച് ബിജെപി നേതാവിന്റെ മകൻ; ജയ്പുരിൽ രണ്ട് മരണം

പ്രതീകാത്മക ചിത്രം.

ജയ്പുർ∙ ബിജെപി നേതാവിന്റെ മകൻ ഓടിച്ച വാഹനം ഫുട്പാത്തിലേക്ക് ഇടിച്ചുകയറി രണ്ടു തൊഴിലാളികൾ മരിച്ചു. രണ്ടു പേർക്കു പരുക്കേറ്റു. വാഹനം ഓടിച്ചിരുന്ന ഭരത് ഭൂഷൺ മീനയെ (35) നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇയാൾ അനുവദനീയമായതിലും ഒൻപത് ഇരട്ടി മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കിസാൻ മോർച്ച നേതാവ് ഭദ്രി നാരായൺ മീനയുടെ മകനാണ് ഭരത്.

ജയ്പുരിൽ വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഫുട്പാത്തിൽ കിടന്നുറങ്ങുന്നവർക്കിടയിലേക്ക് അതിവേഗത്തിൽ വന്ന വാഹനം ഇടിച്ചുകയറി. വാഹനം ഓടിച്ചിരുന്ന ഭരതും കൂട്ടുകാരും മദ്യലഹരിയിലായിരുന്നു. പരുക്കേറ്റ നാലുപേരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് തൊഴിലാളികൾ പുലർച്ചെയോടെ മരിച്ചതായി പൊലീസ് വ്യക്തമാക്കി. കൊലപാതക ശ്രമത്തിനും മദ്യപിച്ചുള്ള അശ്രദ്ധമായ ഡ്രൈവിങ്ങിനുമാണ് ഭരതിനെതിരെ കേസ്. ഭദ്രി നാരായൺ മീനയുടെ പേരിലാണ് വാഹനം റജിസ്റ്റർ ചെയ്തിരിക്കുന്നത്.