എസി റോഡിലൂടെ ദുരിതയാത്ര: കുഴിയിൽ വീണ് രണ്ട് ലോറികൾ മറിഞ്ഞു

ആലപ്പുഴ – ചങ്ങനാശേരി റോഡിലെ കുഴിയിൽ വീണ ലോറി.

ആലപ്പുഴ ∙ ഗോതമ്പുമായി ആലപ്പുഴയിൽ നിന്നെത്തിയ ലോറി ആലപ്പുഴ – ചങ്ങനാശേരി എസി റോഡിലെ കുഴിയിൽ മറിഞ്ഞു. നെടുമുടി നസ്രത്ത് ജംക്‌ഷനു സമീപം രണ്ടാഴ്ചയായി തുടരുന്ന വെള്ളക്കെട്ടിൽ രൂപപ്പെട്ട വലിയ കുഴിയിലാണു ലോറി മറിഞ്ഞത്. മുഴുവൻ ലോഡുമായെത്തിയ ലോറിയിലെ ഗോതമ്പ് നനഞ്ഞു നശിച്ചു. ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്താനുള്ള ശ്രമത്തിലാണ്.

അതേസമയം വൈകിട്ട് അഞ്ചോടെ സപ്ലൈകോയുടെ റേഷൻ ഉൽപന്നങ്ങളുമായെത്തിയ മറ്റൊരു ലോറി മങ്കൊമ്പ് പാലത്തിനു സമീപം മറിഞ്ഞു. റോഡിലെ കുഴിയിൽ വീണ ലോറി നിയന്ത്രണം വിട്ടു എസി കനാലിലേക്കു മറിയുകയായിരുന്നു. ലോറിയുടെ പകുതിയോളം ഭാഗം വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. ആളപ‍ായമില്ലെന്നാണു പ്രാഥമിക വിവരം. 

എസി റോഡിൽ നസ്രത്ത് ജംക്‌ഷനിലും മങ്കൊമ്പ് പാലത്തിനും ബ്ലോക്ക് ജംക്‌ഷനും ഇടയിലും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. വലിയ വാഹനങ്ങൾ പോലും അപകടത്തിൽപ്പെടുകയാണ്. നിറയെ യാത്രക്കാരുമായി പോകുന്ന കെഎസ്ആർടിസി ബസുകൾ ഈ കുഴിയിൽ മറിയാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ബസ് കുഴിയിൽ വീണപ്പോൾ യാത്രക്കാരും നാട്ടുകാരും ചേർന്നാണു തള്ളിക്കയറ്റിയത്.

ഈ പ്രദേശങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഡ്രൈവർമാർക്കു കുഴി കാണാൻ പ്രയാസമാണ്. വെള്ളമില്ലാത്ത ഭാഗത്തെ വലിയ കുഴികൾ വെട്ടി മാറ്റുന്നതിനിടയിൽ വാഹനങ്ങൾ തമ്മിലിടിച്ച് ക്രാഷ് ബാരിയറിൽ ഇടിച്ചു തകരുന്നതും പതിവാണ്.