കാറപകടം: ഹനാന്റെ നട്ടെല്ലിന് സാരമായ പരുക്ക്; ശസ്ത്രക്രിയയ്ക്ക് വിധേയയാക്കും

ഹനാൻ ഹമീദ്

കൊടുങ്ങല്ലൂർ∙ കോളജ് യൂണിഫോമിൽ മീൻ വിറ്റ് വാർത്തകളിൽ നിറഞ്ഞ ഹനാനു വാഹനാപകടത്തിൽ സാരമായി പരുക്കേറ്റു. ഇന്നു പുലർച്ചെ കൊടുങ്ങല്ലൂർ കോതപറമ്പിൽ വച്ചാണു ഹനാൻ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. കാർ നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. നട്ടെല്ലിനു സാരമായി പരുക്കേറ്റ ഹനാനെ കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നട്ടെല്ലിനു പൊട്ടലുള്ളതിനാൽ ഹനാനെ ശസ്ത്രക്രിയയ്ക്കു വിധേയയാക്കും. വാഹനം ഓടിച്ചിരുന്ന ഡ്രൈവർക്കും പരുക്കേറ്റിരുന്നു.

കൊടുങ്ങല്ലൂരിൽ സ്റ്റേജ് ഷോ കഴിഞ്ഞു മടങ്ങും വഴിയാണ് അപകടമുണ്ടായത്. ഒരാൾ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം ഒഴിവാക്കുന്നതിനു കാർ വെട്ടിച്ചപ്പോൾ വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നെന്ന് ഹനാൻ മനോരമ ഓണ്‍ലൈനിനോടു പറഞ്ഞു. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ഹനാനെ ആദ്യം പ്രവേശിപ്പിച്ചത്. പിന്നീടാണ് കൊച്ചിയിലെത്തിച്ചത്.