സംസ്ഥാനത്ത് എലിപ്പനി മരണങ്ങൾ തുടരുന്നു; ഇന്ന് അഞ്ച് പേർ മരിച്ചു

തിരുവനന്തപുരം ∙ എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഇന്ന് അഞ്ച് പേർ കൂടി മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയ രഞ്ജു, കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശി അനില്‍ കുമാർ(54), വടകര സ്വദേശിനി നാരായണി(80), തൊടുപുഴ ഒളമറ്റം സ്വദേശി ജോസഫ് മാത്യു(58), കല്ലായ് അശ്വനി ഹൗസില്‍ രവി(59) എന്നിവരാണ് ഇന്നു മരിച്ചത്. 

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണു ജോസഫ് മാത്യു മരിച്ചത്. പ്രളയബാധിത പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങള്‍ക്കിറങ്ങിയവരാണു രഞ്ജുവും അനില്‍ കുമാറും. ഞായറാഴ്ച സംസ്ഥാനത്ത് പത്തുപേരാണ് എലിപ്പനി ബാധിച്ചു മരിച്ചത്. കോഴിക്കോട് ജില്ലയിൽ ഇന്ന് മൂന്നുപേർ മരിച്ചു.

എലിപ്പനി; വേണ്ടത് ജാഗ്രത

പ്രളയത്തിൽ നഷ്ടപ്പെട്ടവർ; അവർക്കു പറയാനുള്ളതു കേൾക്കാം

ഇതോടെ നാലു ദിവസത്തിനിടെ എലിപ്പനി ബാധയിൽ മരിച്ചവരുടെ എണ്ണം 35 ആയി. വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച 68 പേരിൽ 33 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗലക്ഷണങ്ങളോടെ 54 പേർ ചികിൽസയിലുണ്ട്. ഇന്നലെ മാത്രം 32 പേരെ പ്രവേശിപ്പിച്ചു. ഇതുവരെ 14 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. മലപ്പുറത്ത് ഒരു മാസത്തിനിടെ മരിച്ചരുടെ എണ്ണം ഏഴായി. 14 പേർക്കു രോഗം സ്ഥിരീകരിച്ചു; 44 പേർക്കു കൂടി സംശയിക്കുന്നു. ആലപ്പുഴയിൽ മൂന്നു പേർക്കും കോട്ടയത്തു രണ്ടുപേർക്കും കാസർകോട്ട് ഒരാൾക്കും കൂടി രോഗം സ്ഥിരീകരിച്ചു.