കോണ്‍ഗ്രസിലെ അസംതൃപ്തരെ ലക്ഷ്യമിട്ട് ബിജെപി; ഇന്നു കോർ കമ്മിറ്റി

പി.എസ്.ശ്രീധരന്‍പിള്ള (ഫയല്‍ ചിത്രം)

കൊച്ചി∙ സംസ്ഥാന കോണ്‍ഗ്രസിലെ അംസംതൃപ്തരെ ലക്ഷ്യമിട്ടു ബിജെപി. കെപിസിസി പ്രസിഡന്റിനെ പ്രഖ്യാപിക്കുന്നതോടെ സംസ്ഥാനത്തു ബിജെപിക്കും എന്‍ഡിഎയ്ക്കും അനുകൂലമായ സാഹചര്യം ഉടലെടുക്കുമെന്നു പാർട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. ശനിയാഴ്ച നടക്കുന്ന ദേശീയ നിർവാഹക സമിതിയോഗത്തിനുശേഷം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിക്കുമെന്നും ശ്രീധരന്‍ പിള്ള മനോരമ ന്യൂസിനോടു പറഞ്ഞു.

പാര്‍ട്ടി അധ്യക്ഷനായശേഷം ശ്രീധരന്‍പിള്ള വിളിച്ചുചേര്‍ക്കുന്ന ആദ്യ കോര്‍കമ്മിറ്റിയാണ് ഇന്നു കൊച്ചിയില്‍ നടക്കുന്നത്. പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാതെയാണു കോര്‍കമ്മിറ്റിയിേലക്കു പഴയ ജനറല്‍ സെക്രട്ടറിമാരെ ഉള്‍പ്പെടെ ശ്രീധരൻപിള്ള വിളിച്ചിരിക്കുന്നത്. ദേശീയ നിര്‍വാഹക സമിതിക്കു ശേഷം പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും. പുതിയ പട്ടികയില്‍ പുതുമുഖങ്ങള്‍ക്കായി പദവികള്‍ ഒഴിച്ചിടാനും സാധ്യതയുണ്ട്. അത്തരത്തിലുള്ള ജനകീയ മുഖങ്ങള്‍ പാര്‍ട്ടി തിരയുകയാണെന്നു ശ്രീധരൻപിള്ള തന്നെ വ്യക്തമാക്കുന്നു. ഒപ്പം കോണ്‍ഗ്രസിലെ അംസംതൃപ്തര്‍ക്കായി ചൂണ്ടയിട്ടിരിപ്പാണു സംസ്ഥാന ബിജെപിയെന്നും അദ്ദേഹം സമ്മതിക്കുന്നു.

നിലവിലെ നാലു ജനറല്‍ സെക്രട്ടറിമാരെയും പുതിയ ഭാരവാഹി പട്ടികയിലും ഉള്‍പ്പെടുത്തുമെന്നാണു സൂചന. വക്താക്കളും വൈസ് പ്രസിഡന്റുമാരും സെക്രട്ടറിമാരും മാറും. ഏതെങ്കിലും ഒരു ജനറല്‍ സെക്രട്ടറിയെ വൈസ് പ്രസിഡന്റാക്കി കെ.പി. ശ്രീശനെ ജനറല്‍ സെക്രട്ടറി പദത്തില്‍ തിരിച്ചുകൊണ്ടുവരാനും സാധ്യതയുണ്ട്. ജനപക്ഷം പാര്‍ട്ടിയില്‍നിന്നു തിരിച്ചെത്തിയ പഴയ ഇഷ്ടക്കാരെ തൃപ്തിപ്പെടുത്താനും രാമൻപിള്ള, പി.പി. മുകുന്ദന്‍ തുടങ്ങി പഴയ തലമുറക്കാരെ സജീവമായി സഹകരിപ്പിക്കാനും ശ്രീധരൻപിള്ള ശ്രമിക്കും.