ഇന്ത്യക്കു വേണ്ടത് 30 ലക്ഷം ബസുകൾ; നിലവിലുള്ളത് മൂന്നു ലക്ഷം മാത്രം

ന്യൂഡൽഹി ∙ ഇന്ത്യയിൽ ആവശ്യമുള്ള ബസുകളുടെ പത്തിൽ ഒന്നു മാത്രമാണ് നിലവിലുള്ളതെന്നു സർക്കാർ കണക്ക്. രാജ്യത്ത് ആകെയുള്ള 19 ലക്ഷം ബസുകളിൽ 2.8 ലക്ഷം മാത്രമാണ് സംസ്ഥാന സർക്കാരുകളുടെയോ പൊതുഗതാഗത സംവിധാനത്തിന്റെയോ കീഴിലുള്ളത്. സാധാരണക്കാരായ യാത്രക്കാരുടെ ആവശ്യം നിറവേറ്റണമെങ്കില്‍ ഏതാണ്ട് 30 ലക്ഷം ബസുകൾ വേണ്ടിവരുമെന്നു കേന്ദ്ര ഗതാഗത സെക്രട്ടറി വൈ.എസ്.മാലിക് പറഞ്ഞു. സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള സർവീസുകൾ പോലും നിലവാരം പുലർത്തുന്നില്ല. അതുകൊണ്ടുതന്നെ വലിയൊരു വിടവു നിലനിൽക്കുന്നുണ്ടെന്നും മാലിക് കൂട്ടിച്ചേർത്തു.

സർവീസുകളുടെ നിലവാരക്കുറവും ബസുകൾ ലഭ്യമല്ലാത്തതും മൂലമാണു ഗ്രാമ, നഗര മേഖലകളിലുള്ളവർ സ്വകാര്യ വാഹനങ്ങൾ വാങ്ങാൻ നിർബന്ധിതരായതെന്നാണു ഗതാഗത രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ. സ്വന്തമായി വാഹനമില്ലാത്തവരാണ് ഇന്ത്യയിലെ 90 ശതമാനം പേരുമെന്ന് ഗതാഗതമന്ത്രി നിതിൻ ഗഡ്ഗരി പറയുന്നു. ചൈനയിൽ ആയിരം പേർക്ക് ആറു ബസുള്ളപ്പോൾ ഇന്ത്യയിൽ 10,000 പേർക്ക് നാലു ബസ് മാത്രമാണ് ഉള്ളത്. അതുകൊണ്ടു തന്നെ പങ്കാളിത്ത ഗതാഗത വ്യവസ്ഥയെയാണ് ഇന്ത്യക്കാർ കൂടുതലായി ആശ്രയിക്കുന്നത്. പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുക മാത്രമാണ് നിലവിലുള്ള പ്രശ്നങ്ങൾക്കുള്ള പരിഹാരമെന്നു കേന്ദ്രമന്ത്രി നിർദേശിച്ചു. 

മെട്രോ റെയിൽവേയുടെയും വാടക കാറുകളുടെയും സംഖ്യയിൽ ആശ്വാസകരമായ വർധനവുണ്ടായിട്ടുണ്ടെങ്കിലും ബസുകളിൽ സഞ്ചരിക്കുന്നവരാണ് കൂടുതലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബസ് നിർമാണത്തോടൊപ്പം ഇതിന്‍റെ സേവനം ഉറപ്പാക്കുന്ന ഒരു കമ്പനി കൂടി ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന അഭിപ്രായം വാഹന നിർമാതാക്കളുമായി കേന്ദ്രമന്ത്രി പങ്കുവച്ചിരുന്നു. ടാറ്റയും അശോക് ലെയ്‍ലൻഡും പോലുള്ള കമ്പനികൾ ഈ രീതിയിലുള്ള സേവനം ആരംഭിക്കുകയാണെങ്കിൽ സുഗമമായ പ്രവർത്തനം ഉറപ്പിക്കാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.