സൊനാലി ബെന്ദ്രേ മരിച്ചെന്നു ട്വീറ്റ്; ബിജെപി എംഎൽഎയ്ക്ക് ട്രോൾ മഴ

രാം കദം, സൊനാലി ബെന്ദ്രേ (ചിത്രം: ട്വിറ്റർ)

മുംബൈ∙ അർബുദത്തെ തുടർന്നു ചികിത്സയിൽ കഴിയുന്ന നടി സൊനാലി ബെന്ദ്രേ മരിച്ചെന്ന വ്യാജവാർത്ത ട്വീറ്റ് ചെയ്ത ബിജെപി എംഎൽഎ രാം കദം വെട്ടിലായി. ട്വീറ്റ് പിന്നീടു ഡിലീറ്റ് ചെയ്തെങ്കിലും എംഎൽഎ കടുത്ത വിമർശനമാണു നേരിടേണ്ടി വന്നത്. അടിസ്ഥാനരഹിതമായ വാർത്ത പരിശോധന കൂടാതെ ട്വീറ്റ് ചെയ്ത നടപടിയെ പരിഹസിച്ചായിരുന്നു ട്രോളുകൾ മിക്കതും. 

സൊനാലി ബെന്ദ്രേയെ സംബന്ധിച്ച വാർത്ത കേവലം അഭ്യൂഹം മാത്രമായിരുന്നുവെന്നും സമ്പൂർണ ആരോഗ്യം വീണ്ടെടുത്തു വേഗംതിരിച്ചെത്താൻ അവർക്കു കഴിയട്ടെയെന്ന് ഈശ്വരനോട് പ്രാർഥിക്കുന്നുവെന്നും പുതിയ ട്വീറ്റിൽ രാം കദം പറഞ്ഞു. അർബുദബാധിതയാണെന്നും ന്യൂയോർക്കിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും ജൂലൈയിലാണു സൊനാലി അറിയിച്ചത്. 

ഒരാഴ്ചയ്ക്കകം ഇതു രണ്ടാം തവണയാണു രാം കദം വിവാദത്തിൽപ്പെടുന്നത്. ഇഷ്ടപ്പെടുന്ന പെൺകുട്ടി വിവാഹഭ്യർഥന നിരസിച്ചാൽ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചുതരാൻ സഹായിക്കാമെന്നു യുവാക്കളോടു പ്രസംഗിച്ചതു വിവാദമായിരുന്നു.