കന്യാസ്ത്രീക്ക് അധിക്ഷേപം: ജോർജിനെതിരെ പൊലീസും ദേശീയ വനിതാ കമ്മിഷനും

ലോക്നാഥ് ബെഹ്റ, പി.സി.ജോർജ്, രേഖ ശർമ (ചിത്രം: ട്വിറ്റർ)

കോട്ടയം∙ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ചു സംസാരിച്ച പി.സി.ജോര്‍ജ് എംഎല്‍എയ്ക്കു നിയമക്കുരുക്ക്. ജോർജിന്റെ പരാമര്‍ശത്തിനെതിരെ കേസെടുക്കാനുള്ള ശ്രമങ്ങൾ പൊലീസ് തുടങ്ങി. പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ‍‍ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കി. സ്വമേധയാ കേസെടുക്കാനാകുമോയെന്ന് അറിയാനാണു പരിശോധന. ബിഷപ്പിനെതിരായ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാനും ഡിജിപി നി‍ര്‍ദേശിച്ചു.

പി.സി.ജോർജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നു ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമയും അഭിപ്രായപ്പെട്ടു. സ്ത്രീകളെ സഹായിക്കുന്നതിനു പകരം നിയമസഭാ സാമാജികർ ഇത്തരം മോശം ഭാഷ പ്രയോഗിക്കുന്നതിൽ ലജ്ജ തോന്നുന്നു. സംഭവം വനിത കമ്മിഷൻ ഗൗരവത്തിലെടുത്തിട്ടുണ്ട്. ജോർജിനെതിരെ കർശന നടപടിയെടുക്കാൻ ഡിജിപിക്കു നിർദേശം നൽകിയതായും രേഖ ശർമ പറഞ്ഞു.

ജലന്തര്‍ ബിഷപ് തെറ്റുകാരനാണെന്നു കരുതുന്നില്ലെന്നും 12 തവണ പീഡനത്തിനിരായിട്ട് 13–ാം തവണ കന്യാസ്ത്രീ പരാതി നല്‍കിയെന്നതില്‍ ദുരൂഹതയുണ്ടെന്നും ആയിരുന്നു പി.സി.ജോര്‍ജ് കഴിഞ്ഞദിവസം പറഞ്ഞത്. ഇതിനുപിന്നാലെ, ഞായറാഴ്ച മാധ്യമങ്ങളെ കാണാനുള്ള തീരുമാനത്തിൽനിന്നു കന്യാസ്ത്രീ പിന്മാറി. ജോർജിന്റെ പരാമർശത്തിൽ കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കുന്നതായും പരാതി നൽകുമെന്നും കന്യാസ്ത്രീയുമായി അടുപ്പമുള്ളവർ അറിയിച്ചു.

കന്യാസ്ത്രീയെ അപമാനിച്ച പി.സി.ജോർജിനെതിരെ പ്രതിഷേധിക്കുന്നവർ അദ്ദേഹത്തിന്റെ കോലം കത്തിച്ചപ്പോൾ.