ഇനി സിംഗിൾ ഡ്യൂട്ടി; കെഎസ്ആർടിസിയിൽ 3000 സർവീസുകൾ പുനഃക്രമീകരിക്കും

തിരുവനന്തപുരം∙ കെഎസ്ആര്‍ടിസിയില്‍ ഒാര്‍ഡിനറി സര്‍വീസുകളില്‍ ഇന്നു മുതല്‍ സിംഗിള്‍ ഡ്യൂട്ടി. ഇതുവരെ ഡബിള്‍ ഡ്യൂട്ടിയായി ഒാടിക്കൊണ്ടിരുന്ന, വരുമാനം കുറഞ്ഞ മുഴുവന്‍ സര്‍വീസുകളും ഉച്ചസമയത്തെ ട്രിപ്പുകള്‍ വെട്ടിക്കുറച്ചു സിംഗിള്‍ ഡ്യൂട്ടിയാക്കണമെന്നാണു നിര്‍ദേശം. മൂവായിരത്തോളം സര്‍വീസുകളായിരിക്കും പുനഃക്രമീകരിക്കുക.

ജീവനക്കാര്‍ക്കു ഡബിള്‍ ഡ്യൂട്ടി തികയ്ക്കാന്‍ വേണ്ടി ഒാര്‍ഡിനറി ബസുകള്‍ തിരക്കില്ലാത്ത സമയത്തും ഒാടിക്കുന്നതു കനത്ത നഷ്ടമുണ്ടാക്കുന്നുവെന്നാണു കണ്ടെത്തല്‍. ഇത് അവസാനിപ്പിക്കാനാണ് എല്ലാ ഡ്യൂട്ടിയും എട്ടു മണിക്കൂറാക്കുന്നത്. 160 കിലോമീറ്റര്‍ ഒാടുന്ന ഓര്‍ഡിനറി സര്‍വീസിനു ഡ്രൈവറുടെയും കണ്ടക്ടറുടെയും ശമ്പളവും ഇന്ധനവും ഉള്‍പ്പെടെ പ്രതിദിനം 8500 രൂപ ചെലവുണ്ട്.

ഇനി മുതല്‍ ഇത്രയുമെങ്കിലും വരുമാനം കിട്ടത്തക്കവിധത്തില്‍ സര്‍വീസുകള്‍ പുനഃക്രമീകരിക്കണമെന്നാണ് നിർദേശം. ആളില്ലാത്ത ഉച്ചസമയങ്ങളിലെ ട്രിപ്പ് റദ്ദാക്കിയിട്ടു രാവിലെയും വൈകിട്ടും കൂടുതല്‍ ട്രിപ്പ് ഒാടിക്കണം. നല്ല വരുമാനമുള്ള ചെയിന്‍ സര്‍വീസുകള്‍ രണ്ട് സിംഗിള്‍ ഡ്യൂട്ടികളാക്കും. രാവിലെ മുതല്‍ ഉച്ചവരെ ഒരാളും ഉച്ചയ്ക്കുശേഷം മറ്റൊരാളും. എന്നാല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ക്കു പകരം ഒാര്‍‍ഡിനറിയില്‍ ഡ്യൂട്ടി പരിഷ്കരണം കൊണ്ടുവരുന്നതു തിരിച്ചടിയാകുമെന്നാണു തൊഴിലാളി യൂണിയനുകളുടെ പൊതുവിലയിരുത്തല്‍.

സിംഗിള്‍ ഡ്യൂട്ടിയാക്കുന്നതോടെ ഉണ്ടാകുമെന്നു മാനേജ്മെന്റ് കരുതുന്ന നേട്ടങ്ങള്‍ ഇവയാണ്:

∙ ഡ്യൂട്ടി സമയം തികയ്ക്കാന്‍വേണ്ടിയുള്ള ഒാട്ടം അവസാനിക്കും.
∙ ‌വരുമാനത്തിന് അനുസരിച്ചുള്ള ചെലവേ ഉണ്ടാകൂ.
∙ സ്ഥിര ജീവനക്കാര്‍ എല്ലാദിവസവും ജോലിക്കെത്തുന്നതോടെ പരമാവധി എംപാനല്‍ ജീവനക്കാരെ കുറയ്ക്കാം.
∙ ശമ്പളച്ചെലവു കുറയും. ജീവനക്കാരുടെ ആനുകൂല്യങ്ങളിലും കുറവുണ്ടാകും.