അയർലൻഡ് പൊലീസ് സേനയിൽ മലയാളിയും; ചങ്ങനാശേരി സ്വദേശി റോബിൻ ജോസ്

റോബിൻ ജോസ് കുടുംബത്തിനൊപ്പം.

കോട്ടയം∙ അയർലൻഡിലെ മലയാളികളുടെ വിജയപാതയിൽ ഒരു പൊൻ തൂവൽ കൂടി.! അയർലൻഡിലെ പൊലീസ് സേനയിൽ മലയാളിയും സ്ഥാനം പിടിച്ചു. ചങ്ങനാശേരി ഇത്തിത്താനം മണത്തുരുത്തിൽ റോബിൻ ജോസ് ആണ് പരിശീലനം പൂർത്തിയാക്കി ഇത്തവണത്തെ പാസിങ് ഔട്ട് പരേഡിൽ മലയാളി സാന്നിധ്യം അറിയിച്ചത്. ടിപ്പററി ടെമ്പിൾമോർ ഗാർഡ കോളജിലായിരുന്നു പരിശീലനം.

ഐറിഷ് ഗാർഡ സേന എന്നാണ് അവിടെ പൊലീസ് അറിയപ്പെടുന്നത്. ഏഷ്യയിൽനിന്നു ഗാർഡ സേനയിൽ ചേരാനായി അപേക്ഷിക്കുന്നവരുടെ എണ്ണം താരതമ്യേന കുറവായ സാഹചര്യത്തിലാണg കേരളത്തിൽനിന്നു ഒരാൾ ജോലിക്കെത്തുന്നത്. 185 പേരാണ് ഇത്തവണ പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങിയത്. പാസിങ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച ശേഷം ഗാർഡ കമ്മീഷണർ ഡ്രൂ ഹാരിസ് പുതിയ നിർദേശങ്ങളും ഉപദേശങ്ങളും നൽകി. സ്വന്തം താൽപര്യത്തിനായി പദവി ദുരുപയോഗം ചെയ്യരുതെന്നും ജനങ്ങളെ സേവിക്കാൻ ജോലി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തിത്താനം ജോസ് പോത്തന്റെയും ലൈലാമ്മ ജോസിന്റെയും മകനാണു റോബിൻ. ഭാര്യ ആൻസ്, മക്കൾ: ലിയാന, അലക്സ്, ട്രീസ എന്നിവരോടൊത്തു കോർക്കിലെ വിൽട്ടനിലാണു റോബിൻ ഇപ്പോൾ താമസിക്കുന്നത്. ചങ്ങനാശേരി ക്രിസ്തു ജ്യോതി, എസ്ബി കോളജ് എന്നിവിടങ്ങിലെ പഠനത്തിനു ശേഷം മദ്രാസ് സർവകലാശാലയിൽനിന്നു എംബിഎ ബിരുദവുമെടുത്തു. വിവിധ മലയാളി അസോസിയേഷനുകൾ റോബിനെ അനുമോദിച്ചു. ഐറിഷ് ഗാർഡ സേനയിൽ ആദ്യമായാണ് ഒരു മലയാളി സാന്നിധ്യം ഉണ്ടാകുന്നതെന്നു അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. മറ്റു വിവിധ ഉയർന്ന മേഖലകളിൽ ഇന്ത്യക്കാരും പ്രത്യേകിച്ച് ഒട്ടേറെ മലയാളികളും സേവനമനുഷ്ഠിക്കുന്നുണ്ട്. ഇതിനു പുറമേയാണു സേനയിലും മലയാളി യുവാവിന്റെ നിയമനം അഭിമാനമാകുന്നത്.