ഫോണിൽ ഉച്ചത്തിൽ സംസാരം: സുഹൃത്തിനെ കൊന്ന ഇന്ത്യക്കാരനെതിരെ ദുബായിൽ കേസ്

ദുബായ്∙ മൊബൈൽ ഫോണിൽ ഉച്ചത്തിൽ സംസാരിച്ചതിനു കൂട്ടുകാരനെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യക്കാരനെതിരെ കൊലപാതകത്തിനു കേസെടുത്തു. കൊലപാതകത്തിനും ലൈസൻസില്ലാതെ മദ്യപിച്ചതിനുമാണ് 37കാരനായ നിർമാണ തൊഴിലാളിക്കെതിരെ കേസെടുത്തതെന്ന് ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

കൊല്ലപ്പെട്ട വ്യക്തി നാട്ടിലേക്കു മടങ്ങുന്നതിനോടനുബന്ധിച്ച് മാർച്ച് 30നു നടന്ന യാത്രയയ്പ്പു പാർട്ടിക്കിടെയായിരുന്നു സംഭവം. കൊല്ലപ്പെട്ട വ്യക്തി മൊബൈൽ ഫോണിൽ ഉറക്കെ സംസാരിച്ചതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കത്തിലേർപ്പെടുകയായിരുന്നു. തർക്കത്തിനിടെ കിടക്കയുടെ അടിയിൽനിന്നു കത്തിയെടുത്ത ഇന്ത്യക്കാരൻ സുഹൃത്തിന്‍റെ വയറ്റിൽ കുത്തുകയായിരുന്നുവെന്നു ദൃക്സാക്ഷി പറഞ്ഞു. മദ്യലഹരിയിലായിരുന്ന ഇയാൾ കത്തി വലിച്ചൂരി പുറത്തേക്കോടി.

വസ്ത്രങ്ങള്‍ക്കടിയിൽ കത്തി ഒളിപ്പിച്ച് ഇയാൾ വിശ്രമമുറിയിൽ കയറുന്നതിന്‍റെയും പിന്നീടു കത്തിയില്ലാതെ പുറത്തിറങ്ങുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘത്തിനു ലഭിച്ചു. കൊല്ലപ്പെട്ട വ്യക്തിയെ തിരിച്ചറിഞ്ഞില്ല. വൻതോതില്‍ രക്തം നഷ്ടപ്പെട്ടതാണു മരണകാരണമെന്നാണു ഫൊറൻസിക് റിപ്പോർട്ട്. വിചാരണ ഒക്ടോബർ ഏഴിലേക്കു മാറ്റി.