പിരിവെടുപ്പിൽ മന്ത്രിമാർ, മന്ത്രിസഭായോഗം ഈയാഴ്ചയില്ല; തീരുമാനങ്ങൾ നീളും

മന്ത്രിസഭായോഗം – ഫയൽ ചിത്രം.

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ ആയതിനാൽ ഈയാഴ്ചത്തെ പതിവു മന്ത്രിസഭായോഗം ഇന്നും ചേരില്ല. രണ്ടാഴ്ചയായി മന്ത്രിസഭ ചേരാത്തതിനാൽ, പ്രളയശേഷമുള്ള നവകേരള നിർമിതി അടക്കം ജനങ്ങളെ ബാധിക്കുന്ന പല വിഷയങ്ങളിലും തീരുമാനം നീളും. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ മന്ത്രിസഭായോഗത്തിൽ അധ്യക്ഷത വഹിക്കാൻ മന്ത്രി ഇ.പി.ജയരാജനെ ഗവർണർ ചുമതലപ്പെടുത്തിയെങ്കിലും അദ്ദേഹത്തിന് ഇതുവരെ അതിനുള്ള അവസരം ലഭിച്ചിട്ടില്ല. അടുത്തയാഴ്ചത്തെ മന്ത്രിസഭായോഗത്തിൽ അദ്ദേഹം ആധ്യക്ഷം വഹിച്ചേക്കും.

ദുരിതാശ്വാസ നിധിയിലേക്കുള്ള പിരിവിനായി മന്ത്രിമാരെല്ലാം ജില്ലകളിലേക്കു പോയ സാഹചര്യത്തിലാണു പതിവു മന്ത്രിസഭായോഗം ഇന്നു ചേരാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. പിരിവിനു ശേഷം മിക്കവാറും എല്ലാ മന്ത്രിമാരും പതിനഞ്ചോടെ തലസ്ഥാനത്തു മടങ്ങിയെത്തും. മന്ത്രി ജയരാജൻ ഉൾപ്പെടെ മിക്ക മന്ത്രിമാരും കഴിഞ്ഞ ബുധനാഴ്ച തലസ്ഥാനത്ത് ഉണ്ടായിരുന്നെങ്കിലും മന്ത്രിസഭ ചേർന്നില്ല. തീരുമാനമെടുക്കേണ്ട വിഷയങ്ങളൊന്നുമില്ലെന്നായിരുന്നു വിശദീകരണം.

19നു കൂടി മന്ത്രിസഭ ചേരുന്നില്ലെങ്കിൽ മുഖ്യമന്ത്രി മടങ്ങിയെത്തിയ ശേഷമേ ചേരാൻ സാധ്യതയുള്ളൂ. പ്രളയദുരന്തം നേരിടുന്നതിനുള്ള അഞ്ചംഗ മന്ത്രിസഭാ ഉപസമിതി യോഗം ഇ.പി.ജയരാജന്റെ അധ്യക്ഷതയിൽ ഇന്നു ചേരും. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താനും നിർദേശം നൽകാനുമല്ലാതെ, മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ നയ തീരുമാനമെടുക്കാൻ ഈ സമിതിക്കു സാധിക്കില്ല.

മുഖ്യമന്ത്രി 24ന് എത്തിയേക്കും

അമേരിക്കയിലെ മേയോ ക്ലിനിക്കിൽ കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്കു വിധേയനായ മുഖ്യമന്ത്രി 24നു മടങ്ങുമെന്ന് അറിയുന്നു. ആരോഗ്യം മെച്ചപ്പെട്ടാൽ ചിലപ്പോൾ അൽപം കൂടി നേരത്തേ മടങ്ങിയെത്താനും സാധ്യതയുണ്ട്.