പ്രളയശേഷമുള്ള അസാധാരണ പ്രതിഭാസങ്ങള്‍ പഠിക്കും: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം∙ പ്രളയശേഷമുള്ള അസാധാരണ പ്രതിഭാസങ്ങള്‍ പഠിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ശാസ്ത്രീയമായി വിലയിരുത്താനും പ്രതിവിധി നിര്‍ദേശിക്കാനും ശാസ്ത്രസാങ്കേതിക കൗണ്‍സിലിനെ ചുമതലപ്പെടുത്തി. ജലാശയങ്ങളിലെയും കിണറുകളിലെയും ജലനിരപ്പ് ക്രമാതീതമായി താഴുന്നത്, ഭൂഗര്‍ഭ ജലവിതാനത്തിലുണ്ടായ വ്യതിയാനം, ഭൂമി വിണ്ടുകീറല്‍ തുടങ്ങിയവയാണു പ്രധാനമായി പരിശോധിക്കുന്നത്. ഇവ പഠിക്കാന്‍ സെന്‍റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സ് മാനേജ്മെന്‍റിനെയാണു ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതുകൂടാതെ ജൈവ വൈവിധ്യമേഖലകളില്‍ പരിസ്ഥിതിക്കുണ്ടായ മാറ്റവും സസ്യ ജന്തുജാലങ്ങളുടെ ആവാസവ്യവസ്ഥയിലുണ്ടായ മാറ്റവും പ്രത്യേക പഠനവിഷയമാക്കും.

അതിനിടെ, പ്രളയക്കെടുതി വിലയിരുത്താനെത്തിയ ലോകബാങ്ക് – എഡിബി സംഘം കോഴിക്കോട്, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ സന്ദര്‍ശനം തുടരുകയാണ്. വിവിധ സംഘങ്ങളായി തിരി‍ഞ്ഞാണു പ്രളയബാധിത പ്രദേശങ്ങളിലെ കെടുതികള്‍ വിലയിരുത്തുന്നത്. അതത് ജില്ലാ കലക്ടര്‍മാരുമായും ജില്ലാതല സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും സംഘം ചര്‍ച്ച നടത്തുന്നുണ്ട്. അടിസ്ഥാനസൗകര്യം, വീടുകള്‍, കൃഷി, കന്നുകാലി വളര്‍ത്തല്‍ എന്നീ മേഖലകളില്‍ പ്രളയം വരുത്തിയ നഷ്ടമാണ് ലോകബാങ്ക് സംഘം പഠിക്കുന്നത്.

22ന് സന്ദര്‍ശനം പൂര്‍ത്തിയാക്കുന്ന സംഘം തയാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേരളത്തിനു നല്‍കുന്ന വായ്പയുടെ കാര്യത്തില്‍ ലോകബാങ്കും എഡിബിയും തീരുമാനമെടുക്കുന്നത്.