സൈബർ സുരക്ഷയ്ക്കു പ്രാധാന്യം നൽകേണ്ട സമയം അതിക്രമിച്ചു: പൃഥ്വിരാജ്

കൊക്കൂണ്‍ 2018 ന്റെ പ്രചാരണം നടൻ പൃഥ്വിരാജ് ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം∙ വ്യക്തികൾ സൈബർ സുരക്ഷയ്ക്കു പ്രാധാന്യം നൽകേണ്ട സമയം അതിക്രമിച്ചതായി നടൻ പൃഥ്വിരാജ്. സൈബര്‍ സുരക്ഷയെപ്പറ്റി കേരള പൊലീസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രാജ്യാന്തര സെമിനാറായ കൊക്കൂണ്‍ 2018 ന്റെ  പ്രചാരണം ടെക്‌നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നമ്മുടെ സ്വകാര്യ വിവരങ്ങൾ ഉൾപ്പെടെ വിലപിടിപ്പുള്ള പലതും മൊബൈലിൽ സൂക്ഷിക്കുന്നുണ്ട്. അതെല്ലാം ഏതു നിമിഷവും സൈബർ തട്ടിപ്പുകൾക്കു വഴിവയ്ക്കാം. ആ സാഹചര്യം മനസ്സിലാക്കി സൈബർ സുരക്ഷക്ക് വളരെയേറെ പ്രാധാന്യം നൽകണം. ടെക്കിയാകാൻ വേണ്ടി പഠനം നടത്തിയെങ്കിലും സിനിമയിൽ വന്നതോടെ അതു പൂർത്തിയാക്കാൻ കഴിഞ്ഞില്ല. എടിഎം തട്ടിപ്പിനെ കുറിച്ച് റോബിൻഹുഡ് എന്ന സിനിമ ചെയ്തപ്പോൾ ഇതൊക്കെ നടക്കുന്ന കാര്യമാണോ എന്നു പല നിർമാതാക്കളും ചോദിച്ചിരുന്നു. എന്നാൽ ഇപ്പോൾ തട്ടിപ്പുകൾ അതിലും ഏറെയായെന്നും പൃഥ്വിരാജ് പറഞ്ഞു.

തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം, ഡിഐജി ഷെഫിൻ അഹമ്മദ്, സിറ്റി പൊലീസ് കമ്മിഷനർ പി.പ്രകാശ്,  ടെക്നോപാർക്ക് സിഇഒ ഋഷികേശൻ നായർ,  ജിടെക് ചെയർമാൻ അലക്സാണ്ടർ വർഗീസ് (യുഎസ്ടി ഗ്ലോബല്‍ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ) എന്നിവര്‍ പങ്കെടുത്തു. ഒക്ടോബർ 5, 6 തീയതികളിൽ കൊച്ചിയിലാണു കൊക്കൂണ്‍ 2018 സെമിനാർ നടക്കുന്നത്.