തർക്കം അവസാനിക്കുന്നില്ല; കെഎസ്ആർടിസിയിൽ അനിശ്ചിതകാല പണിമുടക്ക്

തിരുവനന്തപുരം∙ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ കെഎസ്ആര്‍ടിസിയില്‍ അടുത്തമാസം മൂന്നു മുതല്‍ അനശ്ചിതകാല പണിമുടക്ക്. സംയുക്ത സമരസമിതിയാണു പണിമുടക്കു പ്രഖ്യാപിച്ചിരിക്കുന്നത്. യൂണിയനുകളും എംഡിയും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ ഗതാഗതമന്ത്രി ബുധനാഴ്ച വിളിച്ച ചര്‍ച്ച പരാജയപ്പെട്ടിരുന്നു. 

പിരിച്ചുവിട്ട താല്‍ക്കാലിക തൊഴിലാളികളെ തിരിച്ചെടുക്കുക, സിംഗിള്‍ ഡ്യൂട്ടിയുടെ പേരില്‍ സര്‍വീസുകള്‍ റദ്ദാക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു സംയുക്തസമരസമിതി ചീഫ് ഒാഫിസിനു മുന്നില്‍ ഒരാഴ്ചയായി സമരം നടത്തുകയാണ്. ഒത്തുതീര്‍പ്പാക്കാന്‍ കഴിഞ്ഞദിവസം ഗതാഗതമന്ത്രി ചര്‍ച്ച വിളിച്ചെങ്കിലും പരാജയപ്പെട്ടു. എംഡി തന്നെ വീണ്ടും ചര്‍ച്ച വിളിച്ചു പ്രശ്നം പരിഹരിക്കാനായിരുന്നു മന്ത്രിയുടെ നിര്‍ദേശം. എന്നാല്‍ എംഡി ചര്‍ച്ചയ്ക്കു വിളിക്കാത്ത സാഹചര്യത്തിലാണു യൂണിയനുകള്‍ അനശ്ചിതകാല പണിമുടക്കു തീരുമാനിച്ചിരിക്കുന്നത്. 

പണിമുടക്കു പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചീഫ് ഒാഫിസിനു മുന്നിലെ സമരം അവസാനിപ്പിച്ചു. അദര്‍ ഡ്യൂട്ടിയെന്ന പേരില്‍ വര്‍ഷങ്ങളായി ചീഫ് ഒാഫിസില്‍ ജോലി ചെയ്തിരുന്ന യൂണിയന്‍ നേതാക്കളെ സ്ഥലം മാറ്റിയതു മുതല്‍ യൂണിയനുകളും എംഡി ടോമിന്‍ തച്ചങ്കരിയും രണ്ടു തട്ടിലാണ്.