പത്തനംതിട്ടയിൽ കഞ്ചാവുവേട്ട; സഹോദരങ്ങൾ ഉൾപ്പെട്ട അസം സംഘം പിടിയിൽ

പത്തനംതിട്ടയിൽ നിന്ന് പിടിച്ചെടുത്ത കഞ്ചാവ്. കേസിലെ പ്രതികൾ (ഉൾചിത്രം)

പത്തനംതിട്ട∙ ഇതര സംസ്ഥാന തൊഴിലാളികളുടെ വാടക വീട്ടിൽ വൻ കഞ്ചാവു വേട്ട. സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് അസം സ്വദേശികൾ അറസ്റ്റിലായി. അഴൂർ വഞ്ചിമുക്കിനു സമീപത്തെ വാടകവീട്ടിൽ നിന്ന് അഞ്ചു കിലോയോളം കഞ്ചാവും ഏഴായിരം രൂപയും പിടിച്ചെടുത്തു. അസം ഹോജായ് ജില്ലയിൽ കൃഷ്ണ ബസ്തി ഒന്നിലെ താമസക്കാരായ സുമന്ത പോൾ (32), പ്രശാന്ത പോൾ ( 23), സൻജീബ് അധികാരി (26) എന്നിവരാണു പിടിയിലായത്.

ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം സിഐ ജി.സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണു കഞ്ചാവു പിടിച്ചെടുത്തത്. പൊലീസ് എത്തുമ്പോൾ ഇവർ കഞ്ചാവുകൾ പായ്ക്കു ചെയ്യുകയായിരുന്നു. വലിയ പൊതികളിലാക്കിയ മൂന്നു കവറുകളും ഒരു കിലോയോളം വരുന്ന പൊട്ടിച്ച കവറും 58 ചെറിയ കവറുകളിലാക്കിയ 365 ഗ്രാം കഞ്ചാവുമാണ് ആദ്യം കണ്ടെടുത്തത്. വീടിന്റെ പരിസരത്ത് ഒളിപ്പിച്ച 335 ഗ്രാം കൂടി പിന്നീടു പിടിച്ചെടുത്തു.

പകൽ കെട്ടിടനിർമാണ ജോലിക്കു പോകുന്ന ഇവർ രാത്രിയിലാണു കഞ്ചാവ് കവറുകളിലാക്കുന്നത്. നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ കഞ്ചാവ് എത്തിച്ചിരുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവർ. അഞ്ചു ഗ്രാം തൂക്കം വരുന്ന ഒരു കഞ്ചാവ് പൊതി 200 മുതൽ 500 രൂപയ്ക്കാണു സ്കൂൾ, കോളജ് വിദ്യാർഥികൾക്കു വിറ്റിരുന്നത്. പുകയിലയും ബീഡി ഇലകളും ചുണ്ണാമ്പും മുറിക്കുള്ളിൽനിന്നു കണ്ടെത്തി. വർഷങ്ങളായി സംഘം കഞ്ചാവ് കച്ചവടം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.