കോണ്‍ഗ്രസിലെ ഉൾപ്പോര്, ലിംഗായത്ത് അതൃപ്തി; പ്രതീക്ഷയിൽ ബിജെപി

കർ‌ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി

ബെംഗളുരു∙ കര്‍ണാടകയില്‍ എച്ച്.ഡി. കുമാരസ്വാമി സര്‍ക്കാരിനെ അടുത്തു തന്നെ താഴെയിറക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തില്‍ ബിജെപി നേതൃത്വം. സഖ്യസര്‍ക്കാരിന്റെ ലിംഗായത്ത് വിരുദ്ധ, ഉത്തര കര്‍ണാടക വിരുദ്ധ നടപടികളില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കുള്ള അതൃപ്തിയാണ് ബിജെപിക്കു പ്രതീക്ഷ പകരുന്നത്. 

കോണ്‍ഗ്രസിലെ ചേരിപ്പോരും കുമാരസ്വാമി സര്‍ക്കാരിനു തലവേദനയാണ്. ബെലഗാവി രണ്ടാം തലസ്ഥാനമാക്കുമെന്നും സുവര്‍ണ വിധാന്‍ സൗധ പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാക്കുമെന്നും കുമാരസ്വാമി നടത്തിയ പ്രഖ്യാപനങ്ങള്‍ കടലാസില്‍ ഒതുങ്ങുകയാണ്. ലിംഗായത്ത് ഭൂരിപക്ഷമുള്ള മേഖലകളില്‍ ഈ നടപടികള്‍ കടുത്ത അതൃപ്തിക്കിടയാക്കിയെന്നും എംഎല്‍എമാര്‍ ബിജെപിയുമായി ചര്‍ച്ചയിലാണെന്നും അഭ്യൂഹമുണ്ട്. 

ദേവെഗൗഡ കുടുംബം ഭരണത്തില്‍ അമിതമായി ഇടപെടുന്നതിലും പിഡബ്ല്യുഡി മന്ത്രി എച്ച്.ഡി. രേവണ്ണ മറ്റു വകുപ്പുകളില്‍ കൈകടത്തുന്നതിലും കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. എംഎല്‍എമാരുടെ അനുമതിയോ അറിവോ ഇല്ലാതെയാണ് സ്ഥലംമാറ്റങ്ങളും മറ്റും നടക്കുന്നതെന്നാണ് ആക്ഷേപം. ഇതു സംബന്ധിച്ച പരാതികള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പരിഗണിക്കാതിരിക്കുന്നതും അതൃപ്തി വര്‍ധിപ്പിക്കുന്നു. 

ഇതിനിടെ ലോട്ടറി, ചൂതാട്ട മാഫിയയുടെ സഹായത്തോടെ തന്നെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നാണു കുമാരസ്വാമിയുടെ ആരോപണം. പണവും പദവിയും വാഗ്ദാനം ചെയ്ത് യുവ എംഎല്‍എമാരെ വശത്താക്കാനാണ് ഇവരുടെ ശ്രമം. ചില കോണ്‍ഗ്രസ് എംഎല്‍എമാരുടെ പട്ടിക ഇവര്‍ തയാറാക്കിയിട്ടുണ്ടെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

കോണ്‍ഗ്രസില്‍ ജാര്‍ക്കിഹോളി സഹോദരന്മാരും ഡി.കെ. ശിവകുമാറും തമ്മില്‍ നിലനില്‍ക്കുന്ന പടലപ്പിണക്കം ഒരു നാള്‍ പൊട്ടിത്തെറിയിലെത്തുമെന്നും തങ്ങളുടെ നീക്കങ്ങള്‍ അത് ഗുണകരമാകുമെന്നും ബിജെപി നേതാക്കള്‍ കണക്കുകൂട്ടുന്നു. മുന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യയും ഹെസകൊട്ടെ എംഎല്‍എ എംടിബി നാഗരാജും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ല. ഈ നില തുടര്‍ന്നാല്‍ കുമാരസ്വാമി സര്‍ക്കാരിന് അധികനാള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് ബിജെപി പ്രതീക്ഷ.