കാർ ഡ്രൈവർ ബൈക്ക് ലോക്ക് ചെയ്തു; റോഡിൽ വീണ വീട്ടമ്മ ബസ് കയറി മരിച്ചു

ചെങ്ങന്നൂർ∙ കാറിൽ ബൈക്ക് തട്ടിയെന്ന് ആരോപിച്ചു ടാക്സി ഡ്രൈവർ ബൈക്കിന്റെ താക്കോലൂരിയപ്പോൾ ഹാൻഡിലിനു പൂട്ടുവീണ ബൈക്കിൽനിന്നു വീണ വീട്ടമ്മ കെഎസ്ആർടിസി ബസ് കയറി മരിച്ചു. ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിലാണു സംഭവം. ഇരവിപേരൂർ നന്നൂർ വാഴക്കാലാമലയിൽ രവീന്ദ്രൻ നായരുടെ ഭാര്യ ആനന്ദവല്ലിയാണ് (56) മരിച്ചത്. ടാക്സി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മകൻ ഓടിച്ച ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു ആനന്ദവല്ലി. കാറിനു പിന്നിൽ ബൈക്ക് ഇടിച്ചെന്ന് ആരോപിച്ചു ഡ്രൈവർ കാർ നിർത്തി ഇറങ്ങി ബൈക്കിന്റെ താക്കോൽ എടുത്തു. ഈ സമയം ഹാൻഡിലിനു പൂട്ടു വീണെന്നും ഇതോടെ മറിഞ്ഞ ബൈക്കിൽ നിന്ന് ആനന്ദവല്ലി റോഡിൽ വീഴുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.