‘കൊറിയറിലേറി’ ഓൺലൈൻ തട്ടിപ്പ്, കൂട്ടിന് വാട്സാപ് ചാറ്റ്, തെളിവായി ലൈസൻസും

തട്ടിപ്പുകാരുമായി നടത്തിയ വാട്സാപ് സന്ദേശങ്ങൾ

കൊച്ചി∙ ഓണ്‍ലൈനിൽ വിൽക്കാൻ നൽകിയ സാധനങ്ങൾ വാങ്ങാനെന്നു പറഞ്ഞെത്തി പണം കൈക്കലാക്കുന്ന തട്ടിപ്പു സംഘം വ്യാപകമാകുന്നതായി റിപ്പോർട്ട്. അമേരിക്ക, കാന‍ഡ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നാണെന്നു പറഞ്ഞാണ് കൊറിയർ ചാർജിന്റെ പേരിൽ പണം തട്ടിയെടുക്കുന്നത്. മിക്കപ്പോഴും പതിനായിരത്തിൽ താഴെയുള്ള തുകകളായതിനാൽ ആളുകൾ പരാതിപ്പെടാൻ സാധ്യത കുറവാണെന്നതും തട്ടിപ്പുകാർക്കു സൗകര്യമാകുന്നു.

പുരാതന മൂല്യമുള്ള വസ്തുക്കളും ഫർണിച്ചറുകളും തുടങ്ങി ഉയർന്ന കൊറിയർ ചാർജ് വരുന്ന വസ്തുക്കൾ വിൽക്കാൻ വയ്ക്കുന്നവരെയാണു തട്ടിപ്പുകാർ നോട്ടമിട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച നിരവധി പരാതികൾ സൈബർ സെല്ലിനു ലഭിച്ചിട്ടുണ്ടെങ്കിലും വ്യാജ ഫോൺ നമ്പരുകളും ഇമെയിൽ വിലാസങ്ങളുമായതിനാൽ അന്വേഷണവുമായി മുന്നോട്ടു പോകാനാവാത്ത അവസ്ഥയിലാണ് ഉദ്യോഗസ്ഥർ. ഇത്തരത്തിൽ നിരവധി പരാതികളാണു ദിവസവും ലഭിക്കുന്നതെന്ന് സൈബർ അന്വേഷണ വിഭാഗത്തിലെ സർക്കിൾ ഇൻസ്പക്ടർ പ്രമോദ് പറയുന്നു.

ഉപയോഗിച്ച സാധനങ്ങൾ വിൽക്കുന്നതിൽ രാജ്യാന്തര തലത്തിൽ പ്രചാരമേറിയ ഓൺലൈൻ വെബ്സൈറ്റിലൂടെയാണ് തട്ടിപ്പ്. വീട്ടിൽ ആവശ്യമില്ലാത്തതെന്തും ഇതിൽ വിൽക്കാം എന്ന സൗകര്യം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം കൂടി വരുന്നതായാണ് റിപ്പോർട്ട്. ഇതു മനസിലാക്കിയാണു തട്ടിപ്പുകാർ മലയാളികളെ വീഴ്ത്താൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ സാം എന്ന യുവാവാണു തന്റെ അനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയത്. തട്ടിപ്പായിരിക്കുമോ എന്ന് ചെറിയൊരു സംശയം തോന്നിയതു കൊണ്ടാണ് ഇദ്ദേഹം തട്ടിപ്പുകാരന്റെ വലയിൽ വീഴാതിരുന്നത് എന്നു മാത്രം. 

സംഭവം ഇങ്ങനെ:

അധികം പഴക്കമില്ലാത്ത, എന്നാൽ ഉപയോഗിക്കാതെ വീട്ടിൽ കിടന്ന ഒരു പ്ലേ സ്റ്റേഷൻ ഒഎൽഎക്സിലൂടെ വിൽക്കാനായിരുന്നു സാമിന്റെ ശ്രമം. പരസ്യം പോസ്റ്റ് ചെയ്ത് അധികം വൈകാതെ ഒരു അമേരിക്കൻ നമ്പരിൽ നിന്നു വിളിയെത്തി. ന്യൂജഴ്സിയിൽ നിന്നാണത്രെ വിളിക്കുന്നത്. പ്രോഡക്ട് ഇഷ്ടപ്പെട്ടെന്നും അവസാനവില എത്രയെന്നും ചോദ്യം. പതിനായിരം രൂപ വില ഇട്ട പ്ലേസ്റ്റേഷൻ ഒൻപതിനായിരത്തിനു കച്ചവടം ഉറപ്പിച്ചു.  ഡീൽ ഉറപ്പിച്ച ഉടനെ പരസ്യം നീക്കാനായിരുന്നു വാങ്ങാനെത്തിയ ആളുടെ ആവശ്യം. പിന്നെ സംഭാഷണം വളരെ സൗഹൃദഭാവത്തിലായി. വാട്സാപ്പിൽ ചാറ്റു ചെയ്യാനെത്തി. സ്വന്തം ഫോട്ടോയും അയച്ചു കൊടുത്തു. തനിക്കു പരിചയമുള്ള കൊറിയർ കമ്പനിയുണ്ടെന്നും അവരുടെ അമേരിക്കയിലേയ്ക്കുള്ള കൊറിയർ ചാർജ് 7000 രൂപ ആകുമെന്നും ഇതടക്കം മുഴുവൻ തുകയും താൻ ഉടൻ ബാങ്കിലിടാമെന്നുമായി വാങ്ങാനെത്തിയ ആൾ. 

അടുത്ത ദിവസം പണം ബാങ്കിൽ ഇട്ടതായി അറിയിച്ചുള്ള മെസേജ് എത്തി. പിന്നാലെ ബാങ്കിൽ നിന്നുള്ള മെയിലും. കേരളത്തിലെ അവരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് കൊറിയർ ചാർജ് ആയ തുക ഇട്ടാൽ മാത്രമേ അവർക്ക് സാമിന്റെ അക്കൗണ്ടിലേയ്ക്ക് പണം നൽകാനാകൂ പോലും. വിദേശത്തു നിന്നു കേരളത്തിലേയ്ക്കു പണം കൈമാറാൻ ഇഷ്ടം പോലെ സംവിധാനമുള്ളപ്പോൾ പണം ഇട്ടാലേ സാധനത്തിന്റെ വില അക്കൗണ്ടിൽ തരികയുള്ളൂ എന്ന ബാങ്കിന്റെ ഈമെയിലിൽ സംശയം തോന്നിയതാണ് സാമിനു രക്ഷയായത്. ഉടനെ അയാളുടെ ഐഡി കാർഡ് ബാങ്ക് ചോദിക്കുന്നു എന്നറിയിച്ച് സാം മെസേജിട്ടു. ഒട്ടും സംശയിക്കേണ്ടെന്നു കരുതിയാകണം  ഫോട്ടോയിലുള്ളയാളുടെ ഡ്രൈവിങ് ലൈസൻസ് തിരിച്ചെത്തി. 

തട്ടിപ്പുകാരുമായി നടത്തിയ വാട്സാപ് സന്ദേശങ്ങൾ

ഇത്ര ബുദ്ധിമുട്ടേണ്ടെന്നും വെസ്റ്റേൺ യൂണിയൻ മണി ട്രാൻസ്ഫറിൽ പണം അയച്ചാൽ സാധനം അയച്ചു തരാം എന്ന് സാം നിലപാടെടുത്തതോടെ അസഭ്യം പറച്ചിലിലെത്തി കാര്യങ്ങൾ. ഇതിനായിരുന്നു ഐഡി ചോദിച്ചതല്ലേ എന്നു തട്ടിപ്പുകാരൻ. എന്തായാലും താങ്കൾക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും ന്യൂ ജഴ്സി പൊലീസ് ഉടനെ ഈ വിലാസത്തിൽ അന്വേഷിച്ചു വരുമെന്നും പറഞ്ഞിട്ടും തട്ടിപ്പുകാരനു കൂസലില്ല. ഇതോടെയാണ് സൈബർ സെല്ലിൽ പരാതി നൽകാൻ തീരുമാനിച്ചതെന്ന് സാം പറയുന്നു. 

അമേരിക്കൻ നമ്പരിൽ എവിടെനിന്നും ഫോൺ നമ്പർ

അമേരിക്കയിൽ നിന്നെന്നു പറഞ്ഞ് കേരളത്തിലിരുന്നു ഫോൺ ചെയ്യണോ? സംഗതി സിംപിൾ. ഇതിനു സഹായിക്കുന്ന നിരവധി ആപ്പുകളാണ് പ്ലേ സ്റ്റോറിലുള്ളത്. ഇതുപയോഗിച്ചു വാട്സാപ് അക്കൗണ്ടുകളുണ്ടാക്കാനും മെസേജുകൾ അയയ്ക്കാനും യാതൊരു പ്രശ്നവുമില്ല. ഒരു വ്യാജ ഇമെയിൽ ഐഡി കൂടി ഉണ്ടെങ്കിൽ സംഗതി ഈസി. ഇത്തരത്തിൽ നിർമിച്ച ഫോൺ നമ്പർ ഉപയോഗിച്ചായിരിക്കണം തട്ടിപ്പുകാരൻ വാട്സാപ്പും മെസേജുമെല്ലാം അയച്ചതെന്നു കരുതുന്നു.

മറ്റൊരു അക്കൗണ്ടിലേയ്ക്കും ഇതേ ആൾ

മറ്റൊരു അക്കൗണ്ടിൽ നിന്ന് സാം തന്നെ കുറച്ചു ഫർണിച്ചർ വിൽക്കാനൊരുങ്ങിയപ്പോഴും ഇതേ തട്ടിപ്പുകാരൻ ഇതേ നമ്പരുമായി എത്തി. അവർക്ക് കൊറിയർ ചാർജ് അഡ്വാൻസ് കൊടുത്താൽ പണം അയച്ചു തരുമെന്നു തന്നെ വാഗ്ദാനം. എന്തായാലും നൂറുപേരിൽ ഒരാളെങ്കിലും ഈ തട്ടിപ്പിൽ വീഴുമെന്നുറപ്പാണ്. ചെറിയ തുകകൾക്കു വേണ്ടി പൊലീസിൽ പരാതിയുമായി പോയാലുള്ള പൊല്ലാപ്പ് ആലോചിച്ച് ആരും പരാതിപ്പെടുകയുമില്ല. ഇതു മുതലാക്കി തട്ടിപ്പുകാർ വിലസുന്നു. ഒന്നിലധികം അക്കൗണ്ടിലേയ്ക്ക് ഒരേ തട്ടിപ്പു തന്നെ വന്നതോടെ ഇത് ഇവരുടെ പതിവു തട്ടിപ്പു രീതിയാണെന്നു മനസിലായെന്നു സാം പറയുന്നു.

(തുടരും...)

സൈബർ തട്ടിപ്പിന് ഇരയായിട്ടുണ്ടോ? മറ്റൊരാൾകൂടി ഇരയാകാതിരിക്കാൻ നിങ്ങളുടെ അനുഭവം പങ്കുവയ്ക്കാം: sibynilambur@mm.co.in