കഴുത്തറ്റ നിലയിൽ ബിഎസ്എഫ് ജവാന്റെ ശരീരം; അതിർത്തിയിൽ പാക്ക് ക്രൂരത

നരേന്ദർ കുമാർ.

ന്യൂഡൽഹി∙ അതിർത്തിയിൽ ബിഎസ്എഫ് ജവാനെ വെടിവച്ചു കൊലപ്പെടുത്തിയശേഷം കഴുത്തറുത്ത നിലയിൽ കണ്ടെത്തി. രാജ്യാന്തര അതിർത്തിക്കു സമീപം രാംഗഡ് മേഖലയിലാണു സംഭവം. പാതി മുറിഞ്ഞ കഴുത്തോടെ ഹെഡ് കോൺസ്റ്റബിൾ നരേന്ദർ കുമാറിന്‍റെ  മൃതദേഹമാണു കണ്ടെത്തിയത്. ഹരിയാനയിലെ സോനാപത് സ്വദേശിയാണ് നരേന്ദർ.

മൃതദേഹത്തിൽ നെഞ്ചിലും തോളിലും കാലിലുമായി വെടിയേറ്റ പാടുകളുണ്ട്,  കത്തികൊണ്ട് ഉണ്ടായ മുറിപ്പാടുകളും. ഇന്ത്യ –പാക്കിസ്ഥാൻ അതിർത്തിക്കു സമീപം ആറു മണിക്കൂർ നീണ്ട പരിശോധനയ്ക്കു ശേഷമാണു മൃതദേഹം കണ്ടെടുത്തത്. 

അതിർത്തിയിൽ കാണാതായ ജവാനെ കണ്ടെത്താനുള്ള സംയുക്ത തിരച്ചിലിൽ പങ്കാളികളാകണമെന്നു പാക്കിസ്ഥാൻ റേഞ്ചേഴ്സിനോടു ഫ്ലാഗ് മീറ്റിങ്ങിനിടെ അഭ്യർഥിച്ചിരുന്നെങ്കിലും തടസ്സം അറിയിച്ച് അവർ പിൻവാങ്ങുകയായിരുന്നു. സൂര്യാസ്തമയത്തിനുശേഷം സാഹസികമായി നടത്തിയ പ്രത്യേക തിരച്ചിലിലാണു ജവാന്റെ മൃതദേഹം സൈന്യം കണ്ടെത്തിയത്. 

മാജ്റ പോസ്റ്റിനു സമീപം കാടു വെട്ടിത്തെളിക്കാൻ പോയ എട്ടംഗ ബിഎസ്എഫ് സംഘത്തിനു നേരെ ചൊവ്വാഴ്ച രാവിലെ 10.40 നാണു വെടിവയ്പ്പുണ്ടായത്. കാണാതായെന്നു കരുതിയ ജവാനെ കണ്ടെത്തുന്നതിനായി പാക്കിസ്ഥാൻ സൈനികരുമായി ഇന്ത്യ നിരന്തരം ബന്ധപ്പെട്ടെങ്കിലും വിവരമൊന്നും ലഭിച്ചില്ല. സംഭവത്തെ തുടർന്ന് അതിർത്തിയിലും നിയന്ത്രണരേഖയ്ക്കു സമീപവും അതീവജാഗ്രത പ്രഖ്യാപിച്ചു. സംഭവത്തിൽ ശക്തമായ ഭാഷയിലുള്ള പരാതി പാക്കിസ്ഥാൻ റേഞ്ചേഴ്സ് നേതൃത്വത്തെ ബിഎസ്എഫ് അറിയിച്ചു.

രാജ്യാന്തര അതിര്‍ത്തിയില്‍ നടന്ന സംഭവം സർക്കാർ ഗൗരവമായാണു കണ്ടിട്ടുള്ളതെന്നും വിദേശകാര്യ മന്ത്രാലയവും ഡയറക്ടർ ജനറൽ ഓഫ് മിലിറ്ററി ഓപ്പറേഷൻസും ഇക്കാര്യം പാക്കിസ്ഥാന്‍റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നു സൈനിക വൃത്തങ്ങൾ അറിയിച്ചു.