Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിർത്തി വഴി ഇന്ത്യയിലേക്ക് ആയുധമൊഴുകുന്നു

weapon

ന്യൂഡൽഹി∙ രാജ്യാന്തര അതിർത്തി വഴി ഇന്ത്യയിലേക്ക് ആയുധങ്ങൾ ഉൾപ്പെടെയുള്ളവ കടത്തുന്നതു വർധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയ റിപ്പോർട്ട്. പാക്കിസ്ഥാൻ, ബംഗ്ലദേശ്, ഭൂട്ടാൻ, നേപ്പാൾ, മ്യാൻമർ എന്നിവയുമായുള്ള അതിർത്തികളിലൂടെ 31,593 കള്ളക്കടത്ത് കേസുകളാണ് കഴിഞ്ഞവർഷം രേഖപ്പെടുത്തിയത്.

ഇന്ത്യ–ബംഗ്ലദേശ് അതിർത്തിയാണ് കള്ളക്കടത്തു കേസുകളുടെ എണ്ണത്തിൽ മുന്നിൽ– കഴിഞ്ഞ വർഷം 29,693 കേസുകൾ. 2015 മുതൽ കേസുകളുടെ എണ്ണം ഗണ്യമായി ഉയരുകയാണെന്നു മന്ത്രാലയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. അതേസമയം, ഇരു സൈന്യങ്ങളും തമ്മിൽ സംഘർഷം നിലനിൽക്കുന്ന ഇന്ത്യ–ചൈന അതിർത്തിയിൽ കഴിഞ്ഞവർഷം ഒരു കേസ് പോലും റജിസ്റ്റർ ചെയ്തിട്ടില്ല.

ലഹരിമരുന്ന്, കശ്മീരിലെ ഭീകരർക്കുള്ള ആയുധങ്ങൾ എന്നിവയാണ് പാക്ക് അതിർത്തി വഴി മുഖ്യമായും കടത്തുന്നത്. ബംഗ്ലദേശ്, നേപ്പാൾ അതിർത്തി വഴി ഏറ്റവുമധികം നടക്കുന്നതു പശുക്കടത്ത്. ഇന്ത്യയിൽനിന്ന് അയൽ രാജ്യങ്ങളിലേക്കും പശുക്കടത്തു വ്യാപകമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

കഴിഞ്ഞവർഷം മാത്രം 1,30,806 പശുക്കളെയാണ് ബംഗ്ലദേശ്, നേപ്പാൾ അതിർത്തികളിൽ വിവിധ സംഘങ്ങളിൽനിന്നു പിടികൂടിയത്.

അതിർത്തി വഴിയുള്ള കള്ളക്കടത്ത് കേസുകൾ: വർഷം – എണ്ണം

∙ 2015 – 19,537

∙ 2016 – 23,198

∙ 2017 – 31,593

അറസ്റ്റിലായവർ വർഷം – എണ്ണം

∙ 2015 – 1501

∙ 2016 – 1893

∙ 2017 – 2299

കടത്തുന്നത് ആറ് തോക്കുകൾ വീതം

ഭീകരർക്കുള്ള ആയുധങ്ങൾ പാക്കിസ്ഥാനിൽനിന്നു വ്യാപകമായി ഇന്ത്യയിലേക്കു കടത്തുന്നുണ്ടെന്ന് കഴിഞ്ഞ ഏപ്രിലിൽ പിടിയിലായ ലഷ്കർ ഭീകരൻ സയ്ബുള്ള എൻഐഎയുടെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. ഭീകരരെ അതിർത്തിവഴി കടത്തിവിട്ടശേഷം പ്രത്യേക ദൂതർ വഴിയാണ് ആയുധശേഖരം കടത്തുന്നതെന്നായിരുന്നു വെളിപ്പെടുത്തൽ. ഓരോ തവണയും ആറു തോക്കുകൾ അടങ്ങുന്ന ശേഖരമാണു കടത്തുന്നത്.